ഓക്സിജൻ: നടപടികളിൽ ഇളവ് വരുത്തി കേന്ദ്രം
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ഞെരുക്കം രൂക്ഷമായതോടെ നടപടികളിൽ ഇളവ് വരുത്തി കേന്ദ്രം. സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭ്യത സംബന്ധിച്ച് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിന് പിന്നാലെയാണ് കേന്ദ്രം നടപടിക്രമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം ഓക്സിജൻ വഹിക്കുന്ന ടാങ്കറുകളുടെ തടസ്സമില്ലാത്തതും സ്വതന്ത്രവുമായ നീക്കം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഓക്സിജൻ ടാങ്കറുകളുടെ എല്ലാ അന്തർസംസ്ഥാന നീക്കങ്ങളെയും പെർമിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കി. ടാങ്കറുകൾ മുഴുവൻ സമയവും സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടും ട്രാൻസ്പോർട്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കാൻ സിലിണ്ടർ ഫില്ലിങ് പ്ലാൻറുകളെ അനുവദിക്കും.
വ്യവസായിക സിലിണ്ടറുകൾ ശുദ്ധീകരണത്തിന് ശേഷം മെഡിക്കൽ ഓക്സിജന് ഉപയോഗിക്കാം. ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന് നൈട്രജൻ, ആർഗോൺ ടാങ്കറുകൾ സ്വമേധയാ ഓക്സിജൻ ടാങ്കറുകളായി പരിവർത്തനം ചെയ്യാൻ അനുവദിക്കും. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒാക്സിജൻ ലഭ്യതയുടെ കുറവ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ, സൈനിക ഓഫിസുകളിലെ ഹാജർനിലയിൽ ഇളവു പ്രഖ്യാപിച്ചു. പകുതിപേർ നേരിട്ട് ഓഫിസ് ഡ്യൂട്ടിക്ക് ഹാജരായാൽ മതി. ഓഫിസുകളിലെ തിരക്ക് ഒഴിവാക്കി കോവിഡ് വ്യാപനം പരമാവധി കുറക്കുന്നതിെൻറ ഭാഗമാണിത്. സാധ്യമായ യോഗങ്ങളെല്ലാം ഓൺലൈനായി നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.