മലക്കം മറിഞ്ഞ് ഗവർണർ; സുപ്രീംകോടതിയിൽ ഇടത് സർക്കാറിനൊപ്പം
text_fieldsന്യൂഡൽഹി: കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയത്തിൽ ഇടത് സർക്കാറിന് അനുകൂലമായി സുപ്രീംകോടതിയിൽ എടുത്ത നിലപാടിനും കൊടുത്ത സത്യവാങ്മൂലത്തിനും വിരുദ്ധമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലക്കം മറിഞ്ഞു. എ.പി.ജെ അബ്ദുൽ കലാം സർവകലാശാല കേസിൽ സെപ്റ്റംബർ 13ന് രാജ്ഭവൻ പരിശോധിച്ച് മേലൊപ്പ് ചാർത്തി ഗവർണർക്കായി സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇടത് സർക്കാർ വി.സി നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ വെച്ചത് നിയമപരമാണെന്നുമാണ് കേരള ഗവർണർ ബോധിപ്പിച്ചത്. ഇടത് സർക്കാർ എ.പി.ജെ അബ്ദുൽ കലാം വാഴ്സിറ്റിയിൽ രാജശ്രീയെ വി.സിയായി നിയമിച്ചതിനെതിരെ ശ്രീജിത് സമർപ്പിച്ച ഹരജി തള്ളണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഇടത് സർക്കാറിനൊപ്പം ഉറച്ചുനിന്ന് രണ്ടാം എതിർകക്ഷി എന്ന നിലയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലുടെ സുപ്രീംകോടതിയിൽ ബോധിപ്പിച്ചതിൽ നിന്നും നേർവിപരീതമാണ് ഗവർണർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനം. ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ഢോഡാവത്ത് ഐ.എ.എസ് രാജ് ഭവൻ ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ മധുവിന്റെ മേലൊപ്പോടുകൂടി ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് എ.പി.ജെ അബ്ദുൽകലാം സർവകലാശാല കേസിൽ ഇപ്പോൾ ജയിച്ച ശ്രീജിത്തിന്റെ വാദങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയത്.
2010ലെ യു.ജി.സി നിയന്ത്രണങ്ങളിലെ 7.3.0 വ്യവസ്ഥയിൽ 2013ൽ കൊണ്ടുവന്ന രണ്ടാം ഭേദഗതി അനുസരിച്ച് വൈസ് ചാൻസലർമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി ബന്ധപ്പെട്ട സർവകലാശാലകളുടെ നിയമപ്രകാരം ഉണ്ടാക്കാം എന്ന് ഗവർണർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. തുടർന്നുള്ള ഖണ്ഡികയിൽ ചീഫ് സെക്രട്ടറിയെ സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഇടത് സർക്കാർ നടപടിയെയും ഗവർണർ ന്യായീകരിക്കുന്നുണ്ട്. 2017ൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബാബു സെബാസ്റ്റ്യനെ വി.സിയായി നിയമിച്ചത് റദ്ദാക്കിയ കേരള ഹൈകോടതി വിധിയാണ് ചീഫ് സെക്രട്ടറിയെ സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിക്കാൻ ഗവർണർ ഉപയോഗിച്ചത്. സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ നോമിനിയായി സംസ്ഥാന ചീഫ് സെക്രട്ടറി തുടരുന്നതിനെ 2018 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ പരാമർശിച്ചിട്ടുപോലുമില്ലെന്ന് ഗവർണർ ബോധിപ്പിച്ചു.
കേരളം 2010ലെ യു.ജി.സി ചട്ടങ്ങൾ യുക്തമായ സമയത്തിനുള്ളിൽ 2010ൽ തന്നെ നടപ്പാക്കിയ സംസ്ഥാനമായതിനാൽ 2022 മാർച്ചിലെ ഗംഭീർധൻ ഗാഢ്ഗി കേസിലെ സുപ്രീംകോടതി വിധി എ.പി.ജെ അബ്ദുൽ കലാം സർവകലാശാല വി.സിക്കെതിരെ ഹരജിക്കാരൻ ഉദാഹരിച്ചത് അംഗീകരിക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇടത് സർക്കാറിന് അുനകൂലമായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഈ ന്യായവാദങ്ങളുടെ മഷിയുണങ്ങും മുമ്പാണ് വാർത്താസമ്മേളനത്തിൽ നേർവിപരീതമായ മലക്കം മറിച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.