താങ്കൾ പെട്ടെന്ന് മതേതരനായോ എന്ന് ഗവർണർ; ഹിന്ദുത്വത്തെ കുറിച്ച് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര വികാസ് അഗാഡി (എം.വി.എ) സർക്കാരും ഗവർണർ ഭഗത് സിങ് കോശിയാരിയും തമ്മിലുള്ള തർക്കം രൂക്ഷമായി. വിഷയവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെക്ക് ഗവർണർ അയച്ച കത്തും അതിന് അദ്ദേഹം നൽകിയ മറുപടിയും തർക്കം രൂക്ഷമാക്കി.
ഉദ്ധവ് മതേതരനായോ എന്ന് ഗവർണർ കത്തിൽ പരിഹാസ രൂപേണ ചോദിച്ചു. ഹിന്ദുത്വത്തെക്കുറിച്ച് ഗവർണറുടെയോ മറ്റാരുടേയെങ്കിലുമോ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് കത്തിന് മറുപടിയായി ഉദ്ദവ് താക്കറെ പറഞ്ഞു.മുംബൈയെ പാക് അധീന കശ്മീർ എന്ന് വിളിച്ച വ്യക്തിയെ സ്വാഗതം ചെയ്യാൻ തെൻറ ഹിന്ദുത്വ തന്നെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് നീട്ടിവെക്കുന്നത് തുടരാൻ നിങ്ങൾക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾ വെറുത്ത 'മതേതര'ത്തിലേക്ക് പെട്ടെന്ന് മാറിയോ?'' എന്ന് ഗവർണർ ഭഗത് സിങ് കോശിയാരി കഴിഞ്ഞ ദിവസം അയച്ച കത്തിൽ ചോദിച്ചിരുന്നു.
മറ്റ് നഗരങ്ങളിൽ ജൂൺ മാസത്തിൽ തന്നെ ആരാധനാലയങ്ങൾ ഉൾപ്പെടെ തുറന്നിട്ടുണ്ട്. അവിടെയൊന്നും കോവിഡ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടില്ല. ബാറുകളും റസ്റ്ററൻറുകളും ബീച്ചുകളുമെല്ലാം തുറക്കാൻ അനുമതി നൽകിയിട്ടും നമ്മുടെ ദേവൻമാരേയും ദേവിമാരേയും ലോക്ഡൗണിലാക്കിയത് വിരോധാഭാസമാണെന്നും ഗവർണർ കത്തിൽ പരാമർശിച്ചിരുന്നു.
''നിങ്ങൾ ഹിന്ദുത്വത്തിെൻറ ശക്തനായ ആരാധകനാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദർശിച്ചുകൊണ്ട് നിങ്ങൾ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. നിങ്ങൾ പന്ദർപൂരിലെ വിത്തൽ രുക്മിണി ക്ഷേത്രം സന്ദർശിക്കുകയും ആശാദി ഏകാദശിയിൽ പൂജ നടത്തുകയും ചെയ്തിരുന്നു, -ഭഗത്സിങ് കോശിയാരി കുറിച്ചു.
എന്നാൽ ഗവർണറുടെ കത്തിന് ഉദ്ധവ് താക്കറെ ശക്തമായ തിരിച്ചടി നൽകി. ഹിന്ദുത്വത്തെക്കുറിച്ച് മതപ്രഭാഷണം നടത്തേണ്ട ആവശ്യമില്ലെന്ന് ഗവർണറോട് താക്കറെ പറഞ്ഞു.
"സർ, നിങ്ങളുടെ കത്തിൽ ഹിന്ദുത്വത്തെ കുറിച്ച് പരാമർശിക്കുന്നു, പക്ഷേ എനിക്ക് നിങ്ങളിൽ നിന്ന് ഹിന്ദുത്വത്തെക്കുറിച്ച് സർട്ടിഫിക്കറ്റോ ഉപദേശമോ ആവശ്യമില്ല. എെൻറ മഹാരാഷ്ട്രയേയോ മുംബൈയേയോ പാകിസ്താൻ അധിനിവേശ കശ്മീർ എന്ന് വിളിച്ച ഒരാളെ വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ എെൻറ ഹിന്ദുത്വം എന്നെ അനുവദിക്കുന്നില്ല. "-- -താക്കറെ പറഞ്ഞു.
''ആരാധനാലയങ്ങൾ തുറക്കുന്നത് ഹിന്ദുത്വയും തുറക്കാതിരിക്കുന്നത് മതേതരവുമെന്നാണോ താങ്കൾ അർഥമാക്കുന്നത് ? ഗവർണറായി നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിെൻറ നിർണായക അടിത്തറയാണ് മതേതരത്വം. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ? " -മറുപടിക്കത്തിൽ ഉദ്ധവ് താക്കറെ ചോദിച്ചു.
ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തുറക്കണമെന്ന ആവശ്യം സർക്കാറിെൻറ സജീവ പരിഗണനയിലുണ്ടെന്നും എന്നാൽ ഈ മഹാമാരി സമയത്ത് പ്രഥമ പരിഗണന ജനങ്ങളുടെ സുരക്ഷയാണെന്നും ഉദ്ധവ് താക്കറെ കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.