സെന്തിൽ ബാലാജിയെ പുറത്താക്കിയ ഗവർണർക്കെതിരെ നിയമ യുദ്ധത്തിനൊരുങ്ങി സ്റ്റാലിൻ
text_fieldsചെന്നൈ: ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വി. സെന്തിൽ ബാലാജിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയതോടെ ഡി.എം.കെ സർക്കാരും ഗവർണർ ആർ.എൻ. രവിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രിയുടെ ശിപാർശയില്ലാതെ ഒരു ഗവർണർ ഇത്രയും കടുത്ത നടപടി സ്വീകരിക്കുന്നത് ഇതാദ്യമായിരിക്കും. മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
ബാലാജി മന്ത്രിസഭയിൽ തുടരുന്നത് ന്യായമായ അന്വേഷണം ഉൾപ്പെടെയുള്ള നിയമനടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ആത്യന്തികമായി സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നും ന്യായമായ ആശങ്കകളുണ്ടെന്നും രാജ്ഭവൻ ആശയവിനിമയം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബാലാജിയെ ഗവർണർ അടിയന്തര പ്രാബല്യത്തോടെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയത്.
ജൂൺ 16ന് ബാലാജിയുടെ കൈവശമുള്ള വകുപ്പുകൾ മാറ്റുന്നതിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ നേരിടുന്ന ബാലാജിയെ മന്ത്രിയായി തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ഗവർണറുടെ നിലപാട്. ഇതിനിടെ, ബാലാജിയുടെ വകുപ്പുകൾ മറ്റ് രണ്ട് മന്ത്രിമാർക്ക് അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ബാലാജിയെ വകുപ്പില്ലാതെ മന്ത്രിയായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജോലിക്കായി പണം കൈപ്പറ്റിയതും കള്ളപ്പണം വെളുപ്പിക്കുന്നതും ഉൾപ്പെടെ നിരവധി അഴിമതി കേസുകളിൽ മന്ത്രി വി. സെന്തിൽ ബാലാജി ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുകയാണെന്നും മന്ത്രിയെന്ന നിലയിൽ അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിച്ച് തടസ്സപ്പെടുത്തുമെന്നുമാണ് രാജ്ഭവൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.