'ഗവർണറെ സംസ്ഥാനത്തെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കണം'; രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സി.പി.എം
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബില്ലുമായി സി.പി.എം. കേന്ദ്രസർക്കാർ നിർദേശിച്ച് രാഷ്ട്രപതി നിയമിക്കുന്നതിന് പകരം ഗവർണറെ ഓരോ സംസ്ഥാനങ്ങളിലെയും എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ ചേർന്ന് തെരഞ്ഞെടുക്കണമെന്ന സ്വകാര്യ ബിൽ സി.പി.എമ്മിന്റെ ഡോ. വി. ശിവദാസൻ എം.പിയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്.
ഭരണഘടനയുടെ 153, 155, 156 എന്നീ അനുഛേദങ്ങൾ ഭേദഗതി ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. ജനാധിപത്യത്തിന്റെ അന്തസത്ത ഉയർത്തിപിടിക്കുന്നതിന് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട മേധാവിയാകണം സംസ്ഥാന ഭരണത്തെ നയിക്കുന്നത്, ഇപ്പോഴുള്ള എക്‌സിക്യൂട്ടീവ് ക്രമത്തിലൂടെയാകരുത് ഗവർണർ നിയമനം നടക്കുന്നത്, ജനപ്രതിനിധികൾ ഗവർണറെ തെരഞ്ഞെടുത്താൽ ജനാധിപത്യത്തിന്റെ പ്രതിഫലനം ഉണ്ടാകും എന്നീ കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവർണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവർണർക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്. സാധാരണ ഗതിയിൽ സ്വകാര്യ ബില്ലുകൾ പാസാകാറില്ല. വോട്ടിനിട്ട് തള്ളുകയാണ് ഭരണപക്ഷം ചെയ്യാറ്.
കേരളത്തിലടക്കം ബി.ജെ.പി സർക്കാർ നോമിനികളായ ഗവർണർമാരും സംസ്ഥാന സർക്കാറുകളും നേരിട്ടേറ്റുമുട്ടുന്ന സാഹചര്യത്തിൽ ബില്ലിന് വലിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എൽ.ഡി.എഫ് സർക്കാറും വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.