ഗവർണർ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കരുത്- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസ്ഥാന ഗവർണർമാർ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ശിവസേന പിളർപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാപരമായ നിരവധി ചോദ്യങ്ങളുയർത്തുന്നതാണ് കേസെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിൽ ഇരു പാർട്ടി സംവിധാനമല്ലെന്നും നിരവധി പാർട്ടികളുണ്ടെന്നും സഖ്യങ്ങളുടെ കാലഘട്ടമാണെന്നും മഹാരാഷ്ട്ര ഗവർണർക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പാർട്ടികൾ സഖ്യമുണ്ടാക്കാറുണ്ട്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കുന്നത് അവസരവാദ സഖ്യമാണ്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി- ശിവസേന സഖ്യമായിരുന്നു. തെരഞ്ഞെടുപ്പിൽ ഒരു വ്യക്തിയല്ല രാഷ്ട്രീയ ആശയമാണ് മത്സരിക്കുന്നത്. ഈ സമയത്താണ് കുതിരക്കച്ചവടം എന്ന വാക്ക് നമ്മൾ കേൾക്കുന്നത്. ഇവിടെ ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പിൽ എതിരായി മത്സരിച്ച കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കുകയായിരുന്നുവെന്നും ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കി.
ഇതോടെയാണ് ഇത്തരം പരാമർശങ്ങളൊന്നും ഗവർണറുടെ ഓഫിസിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. ‘ഗവർണർ എങ്ങനെയാണ് ഇതൊക്കെ കേൾക്കുന്നത്. സർക്കാർ രൂപവത്കരണത്തിൽ ഗവർണർക്ക് ഇതൊക്കെ എങ്ങനെ പറയാനാകും. ഗവർണർ രാഷ്ട്രീയ രംഗത്തേക്ക് വരരുതെന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.