തമിഴ്‍നാട് ഗവര്‍ണര്‍ ഇന്ന് ചെന്നൈയിലെത്തും
text_fieldsചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ പ്രതിസന്ധിക്കിടെ തമിഴ്‍നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായും എം.എൽ.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പന്നീര്‍ശെല്‍വവും അറിയിച്ചു.
പാര്‍ട്ടിയിലെ 134 എം.എൽ.എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എം.എൽ.എമാര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എം.എൽ.എമാര്‍ കൂറുമാറുമെന്നാണ് പനീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ. മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, മുതിര്‍ന്ന് രാജ്യസഭാംഗം ഡോ.വി മൈത്രേയന്‍ എന്നിവരാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രമുഖര്‍.
കൂടുതല്‍ എം.എൽ.എമാര്‍ കൂറുമാറാതിരിക്കാന്‍ അവരെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹരജിയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ ശശികല അധികാരത്തിലേറുന്നത് അനുചിതമാണെന്ന് ചില നിയമപണ്ഡിതര്‍ വാദിക്കുന്നു. എന്നാല്‍, അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം. ഇന്ന് ഗവര്‍ണര്‍ ശശികലക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ ശശികലയെ പിന്തുണക്കുന്ന എം.എൽ.എമാരുമായി രാഷ്ട്രപതിയെ കാണാനാണ് എ.ഐ.എ.ഡി.എം.കെയും നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.