ഝാർഖണ്ഡ്: സോറന്റെ അയോഗ്യതയിൽ ഗവർണറുടെ തീരുമാനം ഉടൻ
text_fieldsറാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ രാഷ്ട്രീയ നാടകം മുറുകുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ എം.എൽ.എ സ്ഥാനം അയോഗ്യത ഭീഷണിയിലായിരിക്കെ, അദ്ദേഹമടക്കമുള്ള ഭരണകക്ഷി എം.എൽ.എമാർ അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയാണെന്ന സൂചനയുമായി തലസ്ഥാനമായ റാഞ്ചിക്ക് പുറത്തേക്ക് നീങ്ങിയെങ്കിലും രാത്രിയോടെ തിരിച്ചെത്തി.
സോറനെ അയോഗ്യനാക്കുന്ന ഗവർണറുടെ വിജ്ഞാപനം ഏതുസമയത്തും ഉണ്ടാവാമെന്നിരിക്കെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ചക്കുശേഷം 43 എം.എൽ.എമാരാണ് ഖുന്തിയിലെ റിസോർട്ടിലേക്ക് മാറിയത്.
എന്നാൽ ഇവിടെ ഡംഗറാഡി ഗെസ്റ്റ് ഹൗസിൽ കുറച്ച് സമയം ചെലവഴിച്ച ശേഷം രാത്രിയോടെ എല്ലാവരും റാഞ്ചിയിൽ തിരിച്ചെത്തി. രാത്രി കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ചേരുന്നുണ്ട്. സ്വന്തം പേരിൽ ഖനന കരാർ നേടിയതാണ് സോറന്റെ എം.എൽ.എ സ്ഥാനത്തിന് ഭീഷണിയായത്. അയോഗ്യത കൽപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഗവർണറോട് ശിപാർശ ചെയ്തിരുന്നു. ഇനി തീരുമാനമെടുക്കേണ്ടത് ഗവർണറാണ്.
അയോഗ്യത കൽപിക്കുന്ന വിജ്ഞാപനം ഗവർണർ പുറപ്പെടുവിച്ചാൽ സോറന് രാജിവെക്കേണ്ടിവരും. അങ്ങനെ വന്നാൽ, മുഖ്യമന്ത്രിക്ക് വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം കൊടുക്കുമോ, ബി.ജെ.പി ആവശ്യപ്പെടുന്നപോലെ ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമോ എന്നീ കാര്യങ്ങളിൽ ഗവർണറുടെ തീരുമാനം നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.