ഗവർണർമാർ രാഷ്ട്രീയ ഗോദയിലിറങ്ങരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗവർണർമാർ രാഷ്ട്രീയ ഗോദയിലേക്ക് പ്രവേശിക്കരുതെന്നും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കത്തിലും പാർട്ടികൾക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളിലും അവർ ഇടപെടരുതെന്നും ശിവസേന കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓർമിപ്പിച്ചു. നരേന്ദ്ര മോദി സർക്കാറിന്റെ നിർദേശപ്രകാരം മുൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരി ബി.ജെ.പിക്ക് വേണ്ടി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന ഉദ്ധവ് വിഭാഗത്തിന്റെ വാദത്തെ ശരിവെക്കുന്നതാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടത് നിയമവിരുദ്ധമായ രാഷ്ട്രീയ നീക്കമായിരുന്നെന്ന് വ്യക്തമാക്കുകയായിരുന്നു സുപ്രീംകോടതി. മന്ത്രിമാർ അടക്കം പ്രമേയത്തിൽ ഒപ്പിട്ട 34 ശിവസേന എം.എൽ.എമാർ പാർട്ടി വിടുമെന്ന തീർപ്പിലെത്തുകയായിരുന്നു ഗവർണർ. അതിനാധാരമായ ഒരു രേഖയും ഗവർണറുടെ പക്കലില്ലായിരുന്നു. എം.എൽ.എമാർ പാർട്ടി വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഗവർണർ ഊഹിച്ചാൽ പോലും അതവരുടെ അസംതൃപ്തി മാത്രമെ കാണിക്കുന്നുള്ളൂ.
ഏതെങ്കിലും എം.എൽ.എമാർ ശിവസേന വിടുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ ഗവർണർ പ്രവർത്തിക്കേണ്ടിയിരുന്നില്ല. ആ സമയത്ത് ഷിൻഡെ പക്ഷത്തുള്ള എം.എൽ.എമാർ ഒരു പാർട്ടിയായി വരുമോ എന്നുള്ള കാര്യം പോലും അവ്യക്തമായിരുന്നുവെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.
മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിൽ കലാശിച്ച ഉദ്ധവ് താക്കറെയുടെയും ഏക്നാഥ് ഷിൻഡെയുടെയും രണ്ട് ശിവസേന ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്കാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി, ഹിമ കൊഹ്ലി, പി.എം. നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് തീർപ്പ് കൽപിച്ചത്.
ശിവസേന വിമത നേതാവും പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ താനടക്കമുള്ള 16 വിമത എം.എൽ.എമാർക്ക് ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയതാണ് ശിവസേന കേസിന്റെ തുടക്കം. അതിന് പിന്നാലെ തങ്ങളോട് വിശ്വാസ വോട്ട് തേടാൻ മഹാരാഷ്ട്ര ഗവർണർ ആവശ്യപ്പെട്ടതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗവും സുപ്രീംകോടതിയിലെത്തി. ഇതേത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ നിർബന്ധിതനായ ഉദ്ധവ് താക്കറെ വിഭാഗം ബി.ജെ.പി പിന്തുണയോടെ വിമത വിഭാഗം സർക്കാറുണ്ടാക്കുന്നത് ചോദ്യം ചെയ്ത് മറ്റൊരു ഹരജിയും സുപ്രീംകോടതിയിൽ നൽകി. വിമത വിഭാഗവും ബി.ജെ.പിയും ചേർന്ന് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തതും ഉദ്ധവ് വിഭാഗം ചോദ്യം ചെയ്തു. ഹരജികൾ ആദ്യം പരിഗണിച്ച മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തർക്കങ്ങൾ ഒന്നാകെ അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.