കശ്മീരിൽ മതനേതാക്കളെ ജയിലിലടക്കൽ തുടർന്ന് സർക്കാർ; പ്രതിഷേധം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ പ്രമുഖ മതസംഘടന നേതാക്കൾക്കെതിരായ അറസ്റ്റ് പരമ്പര തുടർന്ന് സർക്കാർ. പൊതുസുരക്ഷ നിയമം ചുമത്തി ഷോപിയാൻ ജില്ലയിൽനിന്ന് പ്രമുഖ മതപ്രഭാഷകൻ സർജൻ ബർക്കത്തിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതോടെ ഇത്തരത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
എന്നാൽ, ജനസ്വാധീനമുള്ള മതനേതാക്കൾക്കെതിരായ പുതിയ നടപടിയുടെ കാരണം വിശദീകരിക്കാൻ അധികൃതർ മടിക്കുകയാണ്.
അബ്ദുൽ റഷീദ് ദാവൂദി, മുഷ്താഖ് അഹ്മദ് വീരി എന്നീ പ്രമുഖ പണ്ഡിതരെയും നിരോധിത ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ അഞ്ചു പ്രവർത്തകരെയും പൊതുസുരക്ഷ നിയമപ്രകാരം രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് അർധരാത്രിയിൽ വീട്ടിലെത്തിയാണ് ബർക്കത്തിയെ പിടികൂടിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പൊതുസുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നവരെ വിചാരണയില്ലാതെ രണ്ടുവർഷം വരെ തടവിൽ വെക്കാം.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2016ൽ ബർക്കത്തിയെ പിടികൂടി ജയിലിൽ അടച്ചിരുന്നു. നാലുവർഷങ്ങൾക്കുശേഷമാണ് അദ്ദേഹം മോചിതനായത്.
ഈ പണ്ഡിതരുടെ പ്രഭാഷണങ്ങളും മറ്റും ജനങ്ങളെ തീവ്രനിലപാടുകാരാക്കി മാറ്റുമെന്നതിനാലാണ് നടപടിയെടുക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇതിനിടെ, മതനേതാക്കൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കശ്മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു.
ബി.ജെ.പിയുടെ വർഗീയ മനഃസ്ഥിതിയാണ് ഈ നടപടിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പി.ഡി.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി ആരോപിച്ചു.
''ഒരു കല്ലേറു സംഭവം പോലും ഇല്ലാതെ ജമ്മു-കശ്മീർ സാധാരണ നില കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ പൊതുസുരക്ഷ നിയമം പോലുള്ളവ ചുമത്തി മതപണ്ഡിതരെ ജയിലിൽ അടക്കുന്നത് എന്തിനാണ് ?
ഇത് ബി.ജെ.പിയുടെ വർഗീയമനസ്സ് അല്ലാതെ മറ്റൊന്നുമല്ല''-മഹ്ബൂബ ട്വീറ്റ് ചെയ്തു.അറസ്റ്റിനെ മതസംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‍ലിസെ ഉലമ അപലപിച്ചു. ജനങ്ങളിൽ രോഷം വർധിപ്പിക്കുന്നതുകൂടിയാണിതെന്ന് സംഘടന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.