കോവിഡ് പ്രതിരോധത്തിലെ വീഴ്ച: സർക്കാറിനെ വിമർശിക്കുന്ന ട്വീറ്റുകൾ തടയണം; ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ കേന്ദ്രത്തിന്‍റെ പിഴവുകളെ വിമർശിക്കുന്ന ചില ട്വീറ്റുകൾ തടയണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന് കേന്ദ്രസർക്കാറിന്‍റെ നോട്ടീസ്. സർക്കാറിന്‍റെ തെറ്റായ നടപടികളോ, കോവിഡ് രോഗികൾ അനുഭവിക്കുന്ന ദുരിതമോ വിവരിക്കുന്ന ട്വീറ്റുകൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇവയിൽ ഏറെയും മരുന്നുകളുടെയും ഓക്സിജന്‍റെയും ക്ഷാമം കോവിഡ് രോഗികൾക്കേൽപ്പിച്ച ദുരിതത്തെ കുറിച്ച് പറയുന്നതാണെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ഇതേതുടർന്ന് ചില ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞു. രേവന്ത് റെഡ്ഡി എം.പി, പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്, നടൻ വിനീത് കുമാർ സിങ്, ചലച്ചിത്ര പ്രവർത്തകരായ വിനോദ് കാപ്രി, അവിനാശ് ദാസ് എന്നിവരുടേതുൾപ്പെടെ നിരവധി ജനപ്രിയ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള ട്വീറ്റുകളും തടഞ്ഞതിൽ പെടുന്നു.
പ്രസ്തുത ട്വീറ്റുകൾ ഇന്ത്യയുടെ ഐ.ടി നിയമത്തിന് വിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ട്വിറ്ററിന് നോട്ടീസയച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ ഏതൊക്കെ ട്വീറ്റുകളാണ് തടഞ്ഞതെന്നും എന്താണ് അതിന് കാരണമെന്നുമുൾപ്പെടെയുള്ള കാര്യത്തിൽ പൊതുഇടത്തിൽ പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല.
ട്വീറ്റുകൾ ഇന്ത്യൻ സർക്കാറിന്‍റെ ഐ.ടി നിയമത്തിന്‍റെ ലംഘനമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതായി അറിയിച്ച് പരാതിക്കിടയാക്കിയ ട്വീറ്റിട്ട ഉപയോക്താക്കൾക്ക് ട്വിറ്റർ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കേന്ദ്ര സർക്കാറും പ്രതികരിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് ട്വീറ്റുകൾ തടയണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ ട്വിറ്ററിനെ സമീപിക്കുന്നത്. മുമ്പ് കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിലും സർക്കാർ ട്വീറ്റുകൾ നീക്കം ചെയ്യാനും ചില ട്വിറ്റർ ഹാൻഡിലുകൾ തടയാനും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ വർധിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്‍റെയും മരുന്നുകളുടെയും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.