മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. സംഭവം അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും വിഡിയോ ഒഴിവാക്കണമെന്നുമാണ് ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. കേന്ദ്രസർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സചിൻ പൈലറ്റ്, ആദിത്യ താക്കറെ, പ്രിയങ്ക ചതുർവേദി, മഹുവ മോയിത്ര തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ വിഡിയോക്ക് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെ നടന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്ന ദൃശ്യം അതിക്രൂരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.