കർണാടകയിൽ ഇലക്ട്രിക് ബൈക്ക് ടാക്സി സേവനം നിരോധിച്ച് സർക്കാർ
text_fieldsബംഗളൂരു: കർണാടകയിൽ എല്ലാത്തരം ഇ-ബൈക്ക് ടാക്സികളും സംസ്ഥാന സർക്കാർ നിരോധിച്ചു. ഇ-ബൈക്ക് ടാക്സികളുടെ പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓട്ടോ, കാബ് ഡ്രൈവർമാരുടെ നിവേദനം പരിഗണിച്ചാണ് തീരുമാനം. മാർച്ച് ആറിനാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചത്.
ഇ-ബൈക്ക് ടാക്സികളുടെ പ്രവർത്തനം കാരണം അവയുടെ നടത്തിപ്പുകാരും ഓട്ടോ, കാബ് ഡ്രൈവർമാരും സ്വകാര്യ ട്രാൻസ്പോർട്ട് അസോസിയേഷനുകളിലെ തൊഴിലാളികളും തമ്മിൽ സംഘർഷത്തിനിടയാക്കിയിരുന്നു.
ബൈക്ക് ടാക്സികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നും പരാതികൾ ഉയർന്നിരുന്നു. ബംഗളൂരുവിൽ നിലവിൽ 1,00,000 ഇരുചക്രവാഹനങ്ങൾ ഇ-ബൈക്ക് ടാക്സികളായി പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ എല്ലാത്തരം ബൈക്ക് ടാക്സി സർവിസുകളും നിരോധിക്കണമെന്നാണ് ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് യൂനിയന്റെ ആവശ്യം.
സംസ്ഥാനത്ത് ബൈക്ക് ടാക്സി നിരോധിക്കണമെന്നാവശ്യപ്പെട്ട് 36 സ്വകാര്യ ട്രാൻസ്പോർട്ട് യൂനിയനുകളുടെ പിന്തുണയോടെ, ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനുകൾ കഴിഞ്ഞ വർഷം ബംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.