ഗൽവാൻ ഏറ്റുമുട്ടൽ: പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ കുറിച്ച് സർവകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന തെറ്റായി വളച്ചൊടിക്കാൻ ശ്രമം നടന്നതായി കേന്ദ്ര സർക്കാർ. അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിനെ വളച്ചൊടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ചയാണ് ഗൽവാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. യോഗത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
എൽ.എ.സിക്ക് (യഥാർഥ നിയന്ത്രണ രേഖ) സമീപത്തായി നിർമാണപ്രവർത്തനങ്ങൾ നടത്താനുള്ള ചൈനയുടെ ശ്രമമാണ് ജൂൺ 15ന് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ സൈനികരുടെ ചെറുത്തുനിൽപ്പിൽ ചൈനയുടെ ശ്രമം പരാജയപ്പെട്ടു. അതിർത്തി ലംഘിക്കാനുള്ള ശ്രമത്തെയും പരാജയപ്പെടുത്തി.
യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം ധീരരായ സൈനികരുടെ ചെറുത്തുനിൽപ്പിന്‍റെ ഫലമാണെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു. അനാവശ്യ വിവാദം സൈനികരുടെ യശസ്സിനെ കുറച്ചുകാണാനുള്ള ശ്രമമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ ഭൂപ്രദേശത്ത് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നും സൈനിക പോസ്റ്റുകൾ പിടിച്ചടക്കിയിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. മോദിയുടെ പ്രസ്താവനക്കെതിരെ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസ്താവന കബളിപ്പിക്കുന്നതാണെന്നും പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ഇന്ത്യൻ സൈന്യവും പറയുന്നതിന് വിരുദ്ധമാണെന്നും ആരോപണമുയർന്നിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.