അനുകൂല വ്യക്തികൾക്കുവേണ്ടി ജഡ്ജി നിയമനം കേന്ദ്രം വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: തങ്ങൾക്ക് അനുകൂലമായ വ്യക്തികൾക്കുവേണ്ടി ജഡ്ജി നിയമനം കേന്ദ്ര സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കോൺഗ്രസ്. കൊളീജിയം സംവിധാനം പുനഃസംഘടിപ്പിക്കണമെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ നിർദേശത്തിനു പിന്നാലെയാണ് കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയത്.
കൊളീജിയത്തിന്‍റെ ശുപാർശകൾ മാസങ്ങളും വർഷങ്ങളും ബോധപൂർവം തടഞ്ഞുവെക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ട്വീറ്റ് ചെയ്തു. ജുഡീഷ്യറിയെ പിടിച്ചടക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കേന്ദ്ര സർക്കാർ ജുഡീഷ്യറിയുടെ സമഗ്രതയെയും സ്വാതന്ത്ര്യത്തെയും ബോധപൂർവം ആക്രമിക്കുകയാണ്. ജുഡീഷ്യറിയെ പിടിച്ചെടുക്കലാണ് ഇതിനു പിന്നിൽ, അതിലൂടെ സർക്കാറിന്‍റെ ഏകപക്ഷീയമായ പ്രവൃത്തികൾക്ക് കോടതിയിൽ വിശദീകരണം നൽകേണ്ടിവരില്ല' -രൺദീപ് സുർജെവാല ട്വീറ്റ് ചെയ്തു. മോദി സർക്കാറിന്‍റെയും അവരുടെ പ്രത്യയശാസ്ത്ര യജമാന്മാരുടെയും ചിന്തകളെ പിന്തുടരുന്ന ആളുകളുടെ പേരുകൾ അപേക്ഷകരുടെ പട്ടികയിൽ ഇടം പിടിക്കുന്നതുവരെനിയമനങ്ങൾ മരിവിപ്പിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു.
ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീംകോടതി കൊളീജിയത്തിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. കൊളീജിയത്തിൽ സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെടുന്നത് സുതാര്യതയും പൊതു ഉത്തരവാദിത്തവും വർധിപ്പിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.