എം.പിമാരെ ബഹുമാനിക്കാൻ പഠിക്കൂ; സർക്കാർ ജീവനക്കാരെ മാർഗനിർദേശം ഓർമിപ്പിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: എം.പിമാരും എം.എൽ.മാരുമായുള്ള ഔദ്യോഗിക ഇടപെടലുകൾ നടത്തുന്നതിന് സർക്കാർ ജീവനക്കാർക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. എം.പിമാരും എം.എൽ.എമാരും ജനങ്ങളുടെ അംഗീകൃത പ്രതിനിധികളാണെന്നും ജനാധിപത്യസംവിധാനത്തിൽ ജനപ്രതിനിധികൾക്ക് നിർണായക പങ്കാണുള്ളതെന്നും പേഴ്സനൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച് 2011ൽ ഇറക്കിയ നിർദേശത്തിന്റെ സമഗ്രമായ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. അന്നത്തെ നിർദേശങ്ങൾ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണെന്ന് പേഴ്സനൽ മന്ത്രാലയം വ്യക്തമാക്കി.
എം.പിമാർ നൽകുന്ന കത്തും മറ്റും കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി കൈകാര്യം ചെയ്യണം. മന്ത്രിമാർക്കുള്ള കത്തിന് കഴിയുന്നതും മന്ത്രിമാർ തന്നെ മറുപടി നൽകണം. ഇല്ലെങ്കിൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മറുപടി നൽകണം. സർക്കാർ ഓഫിസുകളിലെയും ദേശസാത്കൃത ബാങ്കുകളിലെയും ഓഫിസ് തലവന്മാർക്കുള്ള എം.പിമാരുടെ കത്തിന് അവർ തന്നെ മറുപടി നൽകണം. നയപരമായ കാര്യങ്ങളിൽ ഡെപ്യൂട്ടി സെക്രട്ടറിമാരിൽ കുറയാത്ത ഉദ്യോഗസ്ഥരാകണം എം.പിമാരുടെ കത്തുകൾ കൈകാര്യം ചെയ്യേണ്ടത്. മുൻ എം.പിമാരുടെ കത്തുകളും ഇതേരീതിയിൽ കൈകാര്യം ചെയ്യണം. പാർലമെന്റിൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ളവക്കെല്ലാം മറുപടി കൊടുക്കണം. നേരത്തേ, തയാറാക്കി വെച്ച മറുപടികൾ പാടില്ല.
എം.പിയോ പൊതുജനമോ ഏതെങ്കിലും സംഘടനകളോ സമർപ്പിക്കുന്ന അപേക്ഷകളും നിർദേശങ്ങളും 15 ദിവസത്തിനകം സ്വീകരിച്ച് അടുത്ത 15 ദിവസത്തിനകം മറുപടി നൽകണം. മറ്റു മന്ത്രാലയങ്ങളിൽനിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെങ്കിൽ ഇടക്കാല കത്തിലൂടെ അക്കാര്യം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
എം.പിമാരോടും എം.എൽ.എമാരോടും സർക്കാർ ജീവനക്കാർ മാന്യമായി പെരുമാറണമെന്നും കേന്ദ്ര പേഴ്സനൽ മന്ത്രാലയം ഓർമിപ്പിച്ചു. ജനപ്രതിനിധികളുടെ ആവലാതികൾ ക്ഷമയോടെ കേൾക്കണം. നിശ്ചയിച്ച തീയതിയിൽ കൂടിക്കാഴ്ച നടത്താൻ പറ്റിയില്ലെങ്കിൽ ജനപ്രതിനിധിക്ക് കൂടി സമ്മതമാകുന്ന ദിവസത്തേക്ക് മാറ്റാം. മൊബൈൽ ഫോൺ, ഇ-മെയിൽ സന്ദേശങ്ങളും അവഗണിക്കരുത്. കേന്ദ്ര സെക്രട്ടറിമാരേക്കാൾ പ്രോട്ടോകോളിൽ ഉയർന്നതായതിനാൽ പൊതുപരിപാടികളിൽ ആവശ്യമായ ബഹുമാനം എം.പിമാരോട് പുലർത്തണം. സർക്കാർ ജീവനക്കാർ ജനപ്രതിനിധികളെ വ്യക്തിപരമായ ആവശ്യത്തിനായി സമീപിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.