കേന്ദ്രം ഭരിക്കുന്നത് അധികാര ഗർവ്വ് ബാധിച്ചവർ; എത്ര കർഷകർ മരിച്ചാലും അവർക്കെന്ത് -സോണിയ ഗാന്ധി
text_fieldsകേന്ദ്രം ഭരിക്കുന്നത് അധികാര ഗർവ്വ് ബാധിച്ചവരാണെന്നും കർഷകരുടെ മരണംപോലും അവർക്ക് പ്രശ്നമല്ലെന്നും കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി. യുപി-ദില്ലി അതിർത്തിയിൽ ഒരു കർഷകൻകൂടി ആത്മഹത്യ ചെയ്തതായും പ്രതിഷേധത്തിനിടെ 50 ലധികംപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും സോണിയ പറഞ്ഞു. എത്രയും വേഗം പുതിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
'ജനാധിപത്യം എന്നാൽ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്ന കാര്യം കേന്ദ്രസർക്കാർ ഓർമിക്കണം. തണുപ്പിലും മഴയിലും മരിക്കുന്ന കർഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാൻ മോദി സർക്കാർ അധികാരഗർവ്വ് ഉപേക്ഷിച്ച് മുന്നോട്ടുവരണം. മൂന്ന് കരിനിയമങ്ങളും നിരുപാധികം പിൻവലിക്കണം. ഇതാണ് രാജധർമവും മരിച്ചവർക്കുള്ള യഥാർഥ ആദരാഞ്ജലിയും' -സോണിയ ഗാന്ധി പറഞ്ഞു. 'സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്ത് അധികാരത്തിൽ വന്ന ഏറ്റവുംവലിയ അഹങ്കാരിയായ സർക്കാരാണിത്. രാജ്യത്തിന്‍റെ അന്നദാതാക്കളുടെ കഷ്ടപ്പാടുകളും പോരാട്ടങ്ങളും പോലും കാണാൻ കഴിയാത്തതും അതുകൊണ്ടാണ്' -അവർ കൂട്ടിച്ചേർത്തു.
'കർഷകരിൽ ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ മരണം മോദി സർക്കാരിനെയോ മന്ത്രിമാരെയോ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല. അവർ ഒരു ആശ്വാസവാക്കും പറഞ്ഞിട്ടില്ല. അന്തരിച്ചവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു' -സോണിയ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ കൃഷിയെയും കൃഷിക്കാരെയും നശിപ്പിക്കുമെന്നും അവ എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.