തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പാക്കും; പൗരത്വത്തിന് അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടൽ
text_fieldsന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വദേഭഗതി നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോർട്ടലും നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിയമം നടപ്പിലാക്കുന്നതിനായി ചട്ടങ്ങൾ പ്രസിദ്ധീകരിക്കും. ഏത് വർഷമാണ് ഇന്ത്യയിലേക്ക് യാത്ര രേഖകൾ ഇല്ലാതെ എത്തിയതെന്ന് അപേക്ഷകർ വ്യക്തമാക്കണം. ഒരു തരത്തിലുള്ള രേഖകളും അപേക്ഷകരിൽ നിന്നും തേടില്ല. 2014ന് ശേഷം പൗരത്വത്തിനായി ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷകളും നിയമത്തിന്റെ പരിധിയിലേക്ക് എത്തുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുമാർ, ആഭ്യന്തര സെക്രട്ടറിമാർ എന്നിവർക്ക് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതങ്ങളിലുള്ളവർക്ക് 1955ലെ പൗരത്വ നിയമം പ്രകാരം പൗരത്വം നൽകാൻ അധികാരം കൊടുത്തിട്ടുണ്ടെന്നും ഇന്ത്യൻ എകസ്‍പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2019 ഡിസംബർ ഒമ്പതിനാണ് ലോക്സഭയിൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. രണ്ട് ദിവസത്തിന് ശേഷം നിയമം രാജ്യസഭയും കടന്നു. തുടർന്ന് 2019 ഡിസംബർ 12ന് രാഷ്ട്രപതിയും നിയമത്തിന് അംഗീകാരം നൽകി. എന്നാൽ, നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ഇത് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ തൽകാലത്തേക്ക് പിൻമാറിയിരുന്നു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുന്നതാണ് പുതിയ നിയമം. എന്നാൽ, നിയമത്തിന്റെ പരിധിയിൽ മുസ്‍ലിംകൾ ഉൾപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.