കലാപം തുടരുന്നു; മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ
text_fieldsഇംഫാൽ: വംശീയ കലാപം തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലെ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ (പ്രത്യേക സായുധാധികാര നിയമം) ഏർപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാംഗ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവയാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ സ്‌റ്റേഷൻ പരിധികൾ.
ഒക്‌ടോബർ ഒന്നിന് മണിപ്പൂർ സർക്കാർ 19 സ്‌റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്തുടനീളം അഫ്‌സ്പ ഏർപ്പെടുത്തിയിരുന്നു. ഇംഫാൽ, ലാംഫാൽ, സിറ്റി, സിങ്‌ജമേയ്, സെക്‌മായി, ലംസാംഗ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോമ്പാട്ട്, ഹീൻഗാങ്, ലാംലായ്, ഇറിൽബംഗ്, ലെയ്‌മഖോങ്, തൗബൽ, ബിഷ്‌ണുപൂർ, നാംക്, മോയ്‌റാങ്, ജിരിബാം എന്നിവയായിരുന്നു ഒക്‌ടോബർ ഒന്നിലെ അഫ്‌സ്‌പ ഉത്തരവിൽ നിന്ന് ഒഴിവാക്കിയ സ്‌റ്റേഷനുകൾ. എന്നാൽ, വംശീയ കലാപം തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു.
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ അത്യാധുനിക ആയുധങ്ങളുമായെത്തിയ വിമതർ വെടിയുതിർത്തതിനെ തുടർന്ന് തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ശക്തമായ ഏറ്റുമുട്ടലിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിന്റെ പിന്നാലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് സാധാരണക്കാരെ അതേ ജില്ലയിൽനിന്ന് സായുധരായ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ വർഷം മെയ് മുതൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്ത്തീസിനും സമീപ കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകൾക്കുമിടയിൽ ആരംഭിച്ച വംശീയാക്രമണങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.
ഇംഫാൽ താഴ്‌വരയിലെയും സമീപ കുന്നുകളിലെയും ഏറ്റുമുട്ടലുകൾ ബാധിക്കാതിരുന്ന ജിരിബാമിൽ കഴിഞ്ഞ ജൂണിൽ കർഷകന്റെ വികൃതമായ മൃതദേഹം ഒരു വയലിൽ കണ്ടെത്തിയതിനെ തുടർന്ന് അവിടെയും സംഘർഷം ഉടലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.