അഫ്രീന്‍റെ വീട് തകർത്തത് അയൽക്കാരുടെ പരാതിയെ തുടർന്നെന്ന് സർക്കാർ; 'അയൽക്കാരെ' അറിയില്ലെന്ന് നാട്ടുകാർ
text_fieldsലഖ്നോ: ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെയും പിതാവ് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്‍റെയും പ്രയാഗ് രാജിലെ വീട് ഇടിച്ചുതകർത്തത് അയൽക്കാരുടെ പരാതിയെ തുടർന്നെന്ന് യു.പി സർക്കാർ കോടതിയിൽ. അഫ്രീന്‍റെ മാതാവ് നൽകിയ ഹരജിയിൽ അലഹബാദ് ഹൈകോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് അനധികൃത നിർമാണമാണെന്നും ദുരുപയോഗം ചെയ്യുകയാണെന്നും കാട്ടി അയൽക്കാർ പരാതി നൽകിയെന്നും, ഇതേ തുടർന്നാണ് വീട് പൊളിച്ചതെന്നും സർക്കാർ പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ഒരു പരാതി ആരെങ്കിലും നൽകിയതായി അറിയില്ലെന്ന് പ്രദേശം സന്ദർശിച്ച വാർത്താസംഘത്തോട് നാട്ടുകാർ പറഞ്ഞതായി 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
പ്രയാഗ് രാജിലെ കരേലി മേഖലയിലുള്ള കെട്ടിടത്തിൽ തന്നെയാണ് ജാവേദ് മുഹമ്മദ് താമസിച്ചിരുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജാവേദ് എം. എന്ന് മതിലിന് പുറത്ത് നെയിംപ്ലേറ്റ് വെച്ചിരുന്നു. ഇതിന് മുകളിലായി 'വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ' എന്ന ബോർഡും ഉണ്ടായിരുന്നുവെന്നും പറയുന്നു.
പ്രദേശവാസികളായ സർഫ്രാസ്, മുഹമ്മദ് അസം, നൂർ അലം എന്നിവരുടെ പരാതി പ്രകാരമാണ് നടപടിയെന്നാണ് സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഇവരുടെ വിലാസമോ ബന്ധപ്പെടാനുള്ള നമ്പറോ ഒന്നുംതന്നെ സത്യവാങ്മൂലത്തിൽ നൽകിയിട്ടില്ല. മേഖലയിൽ നിന്നുള്ള ആളുകൾ എന്ന് മാത്രമാണ് പറയുന്നത്.
ഇന്ത്യൻ എക്സ്പ്രസ് വാർത്താസംഘം മേഖല സന്ദർശിച്ച് ജാവേദ് മുഹമ്മദിന്‍റെ തകർത്ത വീടിന് 400 മീറ്ററിനുള്ളിലെ 30 വീട്ടുകാരോട് പരാതിക്കാരെ കുറിച്ച് അന്വേഷിച്ചു. 15 വീട്ടുകാർ സർക്കാറിനെ ഭയമായതിനാൽ മറുപടിയില്ലെന്നറിയിച്ചു. ബാക്കി 15 വീട്ടുകാർ പറഞ്ഞത്, സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന പരാതിക്കാരെ അറിയില്ലെന്നാണ്.
മേയ് 10നും 19നും പരാതി ലഭിച്ചെന്നാണ് സർക്കാർ അറിയിച്ചത്. ഇതിൽ അയച്ച നോട്ടീസ് വീട്ടുകാർ സ്വീകരിക്കാത്തതിനെ തുടർന്ന് മതിലിൽ ഒട്ടിച്ചെന്നും പറയുന്നു. എന്നാൽ, വീട് തകർക്കുന്നതിന് മുമ്പ് 30 ദിവസത്തെ സമയം അനുവദിച്ചിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് സത്യവാങ്മൂലത്തിൽ മറുപടി നൽകിയിട്ടില്ല. മറുപടി സത്യവാങ്മൂലം ഫയൽചെയ്യാനൊരുങ്ങുകയാണെന്ന് ജാവേദ് മുഹമ്മദിന്‍റെ അഭിഭാഷകൻ കെ.കെ. റോയ് വ്യക്തമാക്കി.
നിയമവിരുദ്ധമായി തകർത്ത പ്രയാഗ്രാജിലെ വീട് പുനർനിർമിച്ചു നൽകണമെന്നും അതുവരെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വീട് ഒരുക്കി തരണമെന്നും ആവശ്യപ്പെട്ട് ജാവേദ് മുഹമ്മദിന്‍റെ ഭാര്യ പർവീൻ ഫാത്തിമയാണ് അലഹാബാദ് ഹൈകോടതിയെ സമീപിച്ചത്. പിതാവ് തനിക്ക് സമ്മാനിച്ച വീടാണ് തകർത്തത്. വീടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്‍റെ കൈവശമുണ്ടായിരിക്കേയാണ് ഒരു നോട്ടീസ് പോലും നൽകാതെ അത് തകർത്തതെന്ന് ഫാത്തിമ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.