ഭ്രൂണഹത്യ നടത്തി ആനകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ബി.ജെ.പി എം.എൽ.എ; വിവാദം
text_fieldsബംഗളൂരു: ഭ്രൂണഹത്യ നടത്തി ആനകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ബി.ജെ.പി എം.എൽ.എ എം.പി. കുമാരസ്വാമി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആനകളുടെ ആക്രമണം വർധിച്ചുവരുന്നതിനെ കുറിച്ച് നിയമസഭയിലെ ചോദ്യോത്തര വേളയിൽ നടന്ന ചർച്ചക്കിടെയാണ് മുടിഗെരെ എം.എൽ.എയുടെ ഞെട്ടിക്കുന്ന പരാമർശം.
'അടുത്തിടെ തന്റെ മണ്ഡലത്തിൽ മാത്രം ആറ് പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശല്യമായി മാറിയ ആനകൾ നിരവധിയാണ്. മനുഷ്യന്റെ സ്വത്തിനും കൃഷിക്കും മൃഗങ്ങൾ നാശം വരുത്തുന്നുണ്ട്. സർക്കാരിനും കോടതിക്കും ആനകൾ വേണമെന്ന് തോന്നുന്നു. പക്ഷേ ജനങ്ങൾക്ക് അവയെ ആവശ്യമില്ല. ആനകളുടെ ആക്രമണം ഭയന്ന് ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി കർഷകർ ഉപേക്ഷിച്ചു. അതിനാൽ ഭ്രൂണഹത്യ നടത്തി ആനകളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. മുടിഗെരെയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് ആനകളെ മാറ്റുകയും വേണം. മണ്ഡലത്തിൽ എവിടെ പോയാലും ഈ വിപത്ത് എപ്പോൾ അവസാനിക്കുമെന്നാണ് ആളുകൾ ചോദിക്കുന്നത്'- എം.എൽ.എ എം പി കുമാരസ്വാമി നിയമസഭയിൽ അഭിപ്രായപ്പെട്ടു.
ചാമരാജനഗർ ജില്ലയിൽ ആനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹനൂരിലെ കോൺഗ്രസ് എം.എൽ.എ ആർ.നരേന്ദ്രയും ചർച്ചയിൽ പങ്കെടുത്തു. ജില്ലയിൽ നിലവിൽ 1000 ആനകളുണ്ട്. അത് പോരാ എന്ന മട്ടിൽ, രക്ഷപ്പെടുത്തുന്ന എല്ലാ ആനകളെയും ജില്ലയിലേക്ക് ഇറക്കിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഭ്രൂണഹത്യ നടത്താൻ കഴിയില്ലെന്നും അത് സർക്കാർ നിർദേശത്തിന് എതിരാണെന്നും മന്ത്രി ശിവറാം ഹെബ്ബാർ മറുപടി നൽകി. എം.എൽ.എയുടെ പരാമർശം വിവാദമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.