ബജറ്റിൽ വൈദ്യുതി വാഹനങ്ങൾക്ക് പ്രോത്സാഹനം
text_fieldsന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി വാഹന നിർമാണ മേഖല ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വൈദ്യുതി വാഹന ചാർജിങ് സംവിധാനം വ്യാപിപ്പിക്കും. പൊതുഗതാഗത മേഖലയിൽ വൈദ്യുതി ബസുകൾ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് വർധിപ്പിച്ചു
കഴിഞ്ഞ ബജറ്റിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ചപ്പോൾ ഇക്കുറി അധിക തുക വകയിരുത്തി കേന്ദ്രം. 86,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി ഇടക്കാല ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 2022-23 വർഷത്തെ ബജറ്റിൽ 60,000 കോടി രൂപയായിരുന്നു പദ്ധതിക്ക് വകയിരുത്തിയത്. 2021ൽ 71,002 കോടി രൂപ വകയിരുത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മുൻ വർഷത്തേക്കാൾ അധിക തുക സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
22.5 ലക്ഷം കോടി രൂപയുടെ മുദ്ര യോജന വായ്പകൾ
സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനുള്ള പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 22.5 ലക്ഷം കോടി രൂപയുടെ 43 കോടി വായ്പകൾ നൽകിയതായി ധനമന്ത്രി നിർമല സീതാരാമൻ. 10 വർഷത്തിനിടെ വനിതകൾക്ക് 30 കോടി മുദ്ര യോജന വായ്പകൾ നൽകി.
പാൽ ഉൽപാദനം വർധിപ്പിക്കും
പാലിന്റെയും പാലുൽപന്നങ്ങളുടെയും ഉൽപാദനം വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇന്ത്യ ലോകത്തിലെ മുൻനിര പാൽ ഉൽപാദകരാണെങ്കിലും ഉൽപാദനക്ഷമത കുറവാണ്. കഴിഞ്ഞ വർഷം ഉൽപാദനം നാല് ശതമാനം വർധിച്ച് 2.3 കോടി ടണ്ണിലെത്തി. കാർഷിക മേഖലയിൽ മൂല്യ വർധനവിലും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ശ്രമം ഊർജിതമാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.