ഡീപ് ഫേക്; സമൂഹമാധ്യമ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി
text_fieldsന്യൂഡൽഹി: ഡീപ് ഫേക് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ് ഫേകുകൾ നീക്കം ചെയ്യാൻ മതിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം നൽകുന്ന ഐ.ടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ അടുത്തിടെ ഡീപ് ഫേക് വിഡിയോകളുമായി ബന്ധപ്പെട്ട് എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് നൽകിയിരുന്നു. ഡീപ് ഫേകുകൾ തിരിച്ചറിയാനും ഉള്ളടക്കം നീക്കം ചെയ്യാനുമുള്ള നടപടിയെടുക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. നോട്ടീസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ പ്രതികരിച്ചുവെന്നും നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അവർ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ കൂടുതൽ നടപടികൾ എടുക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. എല്ലാ സമൂഹമാധ്യമ സ്ഥാപനങ്ങളുമായും വൈകാതെ കൂടിക്കാഴ്ച നടത്തും" -അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഡീപ് ഫേകുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇവ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കജോൾ, കത്രീന കൈഫ്, രശ്മിക മന്ദാന തുടങ്ങി നിരവധി അഭിനേതാക്കൾ അടുത്തിടെ ഡീപ് ഫേക്കുകൾക്ക് ഇരയായിട്ടുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകളും ദൃശ്യങ്ങളും ശബ്ദങ്ങളും നിർമിക്കുന്നതിനെയാണ് ഡീപ് ഫേക് എന്ന് വിശേഷിപ്പിക്കുന്നത്. വ്യാജമാണെന്ന് സാങ്കേതികമായി തിരിച്ചറിയല്പോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫേക്, സ്വകാര്യതക്കും വ്യക്തിസുരക്ഷക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.