ഇന്ത്യയുടെ വിദേശ ആസ്തികൾ കണ്ടുകെട്ടാതിരിക്കാൻ സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്താൻ സർക്കാർ
text_fieldsന്യൂഡൽഹി: 2005ലെ ആൻഡ്രിക്സ്-ദേവാസ് ഉപഗ്രഹ കരാറിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി ഉപയോഗപ്പെടുത്തി ഇന്ത്യയുടെ വിദേശ ആസ്തികൾ കണ്ടുകെട്ടാതിരിക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സും ബംഗളുരുവിലെ സ്റ്റാർട് അപ് സംരംഭമായ ദേവാസ് മൾട്ടി മീഡിയയും തമ്മിൽ മന്ത്രിസഭയുടെ അനുമതി കൂടാതെ 2005ൽ ഉണ്ടാക്കിയ കരാറിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ദേവാസ് പൂട്ടാനുള്ള നിർദേശം സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു.
കരാറിൽ ക്രമക്കേടുണ്ടെന്ന സുപ്രീംകോടതി പരാമർശം വിദേശ ആസ്തികളുടെ കാര്യത്തിൽ സർക്കാർ പ്രയോജനപ്പെടുത്തുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് അധികാരം ദുരുപയോഗിച്ചതിന് തെളിവാണ് ആൻഡ്രിക്സ്-ദേവാസ് ഉപഗ്രഹ കരാറെന്നും മന്ത്രി ആരോപിച്ചു.
ആറു വർഷത്തിനു ശേഷം കോൺഗ്രസ് സർക്കാർ കരാർ റദ്ദാക്കിയതു മൂലം 1.2 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാരം കിട്ടണമെന്ന് ആവശ്യപ്പെട്ട് ദേവാസ് അന്താരാഷ്ട്ര കോടതികളെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് പാരിസിലും കാനഡയിലുമുള്ള ചില ആസ്തികൾ കണ്ടുകെട്ടാൻ ഇതേതുടർന്ന് നീക്കം നടക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് കരാർ റദ്ദാക്കിയതെന്ന വശം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ആൻഡ്രിക്സും ദേവാസുമായി ഒരു പതിറ്റാണ്ടു നീണ്ട നിയമയുദ്ധം തിങ്കളാഴ്ച സുപ്രീംകോടതി വിധിയിലൂടെയാണ് അവസാനിച്ചത്. ദേവാസ് മൾട്ടി മീഡിയ പൂട്ടാനാണ് നിർദേശം. ഒളിപ്പിച്ചുവെക്കാനോ തള്ളിക്കളയാനോ കഴിയാത്തത്ര വലിയ ക്രമക്കേടാണ് ഈ ഇടപാടിലുള്ളതെന്ന് കോടതി പറഞ്ഞു. ദേവാസ് മൾട്ടി മീഡിയ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു.
രണ്ട് ഉപഗ്രഹങ്ങൾ ആൻഡ്രിക്സ് നിർമിച്ച് വിക്ഷേപിക്കുന്നതിലും അതിലെ 90 ശതമാനം ട്രാൻസ്പോണ്ടർ ശേഷി ദേവാസിന് പാട്ടത്തിന് നൽകുന്നതിനുമായിരുന്നു 2005ലെ കരാർ. സുരക്ഷ ഏജൻസികളും സർക്കാറിന്റെ ടെലികോം കമ്പനികളും മാത്രം ഉപയോഗിക്കേണ്ട 1000 കോടി രൂപയുടെ 70 മെഗാഹെട്സ് എസ്-ബാന്റ് സ്പെക്ട്രവും ഈ കരാറിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.പി.എ സർക്കാർ പിന്നീട് കരാർ റദ്ദാക്കിയത്. ദേവാസിന് 578 കോടി രൂപയുടെ നേട്ടമുണ്ടാക്കാൻ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് 2016ൽ ഐ.എസ്.ആർ.ഒ മുൻമേധാവി ജി. മാധവൻ നായർക്കും മറ്റുമെതിരെ സി.ബി.ഐ കേസെടുക്കുകയും ചെയ്തു.
ദേവാസിന്റെ വിദേശ നിക്ഷേപകർ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആൻഡ്രിക്സ് 120 കോടി ഡോളർ ദേവാസിന് നൽകണമെന്ന അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ ഉത്തരവ് യു.എസ് കോടതി ശരിവെച്ചു. ഈ വിധി നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ദേവാസിനെതിരായ കേസ് അവസാനിപ്പിക്കാൻ ആൻഡ്രിക്സിന് കഴിഞ്ഞ വർഷം സർക്കാർ നിർദേശം നൽകി. ദേവാസ് മൾട്ടി മീഡിയ അടച്ചുപൂട്ടാനുള്ള ഉത്തരവ് ദേശീയ കമ്പനി നിയമ അപലേറ്റ് ട്രൈബ്യൂണൽ ശരിവെച്ചത് തിങ്കളാഴ്ചത്തെ വിധിയിൽ സുപ്രീംകോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.