സമൂഹ മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിച്ച് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
text_fields
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച് പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ചു. ഓൺലൈൻ, ഒ.ടി.ടി ഉള്ളടക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന പുതിയ മാർഗ നിർദേശങ്ങൾ സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്ക് ശക്തി പകരുമെന്ന് മാർഗ നിർദേശങ്ങൾ പ്രഖ്യാപിച്ച് മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.
''സമൂഹ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ വ്യവസായം നടത്തുന്നത് സ്വാഗതാർഹമാണ്. എന്നാൽ, സംസ്കാര സമ്പന്നമെന്ന് വിളിക്കാനാവാത്ത ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പരാതികൾ ഏറെയായി എത്തുന്നു. ഇനി മുതൽ സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്കായി പ്രത്യേക ഫോറം നിലവിൽ വരും. വെറുപ്പിന്‍റെ പ്രചാരണത്തിനായി ചിലർ സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. തീവ്രവാദികളും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. വ്യാജ വാർത്തകളുടെ ഒഴുക്കുമുണ്ട്''- മന്ത്രി പറഞ്ഞു.
മൂന്നു മാസത്തിനകം നിർദേശങ്ങൾ നടപ്പാക്കും. ഇതുപ്രകാരം സമൂഹ മാധ്യമങ്ങളിൽ ദുരുപദിഷ്ട സന്ദേശങ്ങൾ പ്രചരിച്ചാൽ കോടതി ഉത്തരവു വഴിയോ ബന്ധപ്പെട്ട സർക്കാർ വകുപ്പ് വഴിയോ ഇത് ആദ്യം പ്രചരിപ്പിച്ചയാളെ കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളടക്കങ്ങളെ യു, യു/എ 7+, യു/എ 13+, യു/എ 16+, എ എന്നിങ്ങനെ അഞ്ചു ഗണത്തിൽ പെടുത്തും. യു/എ 13+ വിഭാഗത്തിലോ അതിനും മുകളിലോ ഉള്ള ഉള്ളടക്കങ്ങൾ നൽകുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പാരന്‍റൽ ലോക് ഏർപെടുത്തണം. ഓൺലൈൻ മാധ്യമങ്ങൾ ദേശീയ പ്രസ് കൗൺസിൽ മാർഗ നിർദേശങ്ങൾ പാലിക്കണം.
പുതിയ മാർഗ നിർദേശങ്ങൾ ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെ പരമ്പരാഗത മാധ്യമ സ്ഥാപനങ്ങൾക്കു സമാനമായി പരിഗണിക്കാനും വ്യവസ്ഥ ചെയ്യുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു. വിവര,സാങ്കേതിക നിയമത്തിലെ 69എ വകുപ്പിൽ പെടുത്തി നടപടികൾക്കും ഇതു സഹായകമാകും. ട്വിറ്റർ, ഫേസ്ബുക്ക്് പോലുള്ള സമൂഹ മാധ്യമങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.