കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് ഷോ ഓഫ് കാണിക്കും -ചൈനീസ് കൈയേറ്റത്തിൽ പ്രതികരണവുമായി പ്രശാന്ത് ഭൂഷൺ
text_fields
ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ കൈയേറ്റം നടത്തി 101ഓളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഗ്രാമം ചൈന നിര്‍മിച്ചുവെന്ന എൻ.ഡി.ടി.വി റിപോര്‍ട്ടിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് ഷോ ഓഫ് കാണിക്കുക എന്നതായിരിക്കും കൈയേറ്റത്തിനെതിരെയുള്ള സർക്കാർ പ്രതികരണമെന്ന് അദ്ദേഹം പരിഹസിച്ചു.
''മോദി സർക്കാർ നോക്കിനിൽക്കെ ലഡാക്കിൽ നമ്മുടെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥലം കൈയടക്കിയ ശേഷം ചൈന ഇപ്പോൾ അരുണാചലിൽ ഒരു ഗ്രാമം നിർമിക്കുന്നു. പ്രതിഷേധിക്കുന്ന കർഷകരെ ഖലിസ്ഥാനികളും ചൈനീസ് ഏജന്‍റുമാരുമായി മുദ്രകുത്തുകയും കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഷോ ഓഫ് കാണിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്‍റെ പ്രതികരണം! 56 ഇഞ്ച്!'' എന്ന് അദ്ദേഹം ട്വീറ്റ് െചയ്തു.
അരുണാചലിലെ കൈയേറ്റം സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളും എന്‍.ഡി.ടി.വി പുറത്തുവിട്ടിരുന്നു. ഏകദേശം 4.5 കിലോമീറ്ററോളം ദൂരത്തിലാണ് നിര്‍മാണപ്രവര്‍ത്തനമെന്നാണ് കണ്ടെത്തൽ. അരുണാചലിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ് കൈയേറ്റം. നേരത്തെ ലഡാക്ക് അതിര്‍ത്തിയിൽ ചൈനീസ് അതിക്രമത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ നൂറിലേറെ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് പ്രശാന്ത് ഭൂഷന്‍റെ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.