ധാന്യസംഭരണം പ്രാഥമിക സംഘങ്ങൾക്ക്
text_fieldsന്യൂഡൽഹി: ധാന്യസംഭരണം സഹകരണ മേഖലയിലേക്ക്. പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾവഴി ധാന്യസംഭരണത്തിന് ലക്ഷ്യമിടുന്ന വൻകിട പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 10 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയാണ് തുടക്കം.
ഓരോ ബ്ലോക്കിലും 2,000 ടൺ ശേഷിയുള്ള ഗോഡൗൺ തുടങ്ങും. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതി, മിനിമം താങ്ങുവിലക്കുള്ള സംഭരണം തുടങ്ങിയവ ക്രമേണ പദ്ധതിയുടെ ഭാഗമാകും. കാർഷിക, ഭക്ഷ്യ സംസ്കരണ, ഭക്ഷ്യ-പൊതുവിതരണ കീഴിലെ വിവിധ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം ഇതിന് പ്രയോജനപ്പെടുത്തും.
കാർഷിക അടിസ്ഥാന സൗകര്യ നിധി, കാർഷിക വിപണന അടിസ്ഥാന പദ്ധതി, സംയോജിത പുഷ്പകൃഷി വികസന മിഷൻ, കാർഷിക യന്ത്രവത്കരണ ഉപപദ്ധതി, പ്രധാനമന്ത്രിയുടെ പേരിലുള്ള ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭ പദ്ധതി, കിസാൻ സമ്പദ് യോജന എന്നിവ പുതിയ പദ്ധതിയുമായി സംയോജിപ്പിക്കും.
ഫുഡ് കോർപറേഷന്റെയും സംസ്ഥാന സർക്കാറിന്റെയും സംഭരണ കേന്ദ്രങ്ങൾ, റേഷൻ കട, കാർഷിക സാമഗ്രികൾ വാടകക്ക് നൽകുന്ന കേന്ദ്രം എന്നീ നിലകളിലും പ്രാഥമിക സംഘങ്ങൾക്ക് പ്രവർത്തിക്കാം. കാർഷികോല്പന്ന സംസ്കരണ യൂനിറ്റുകളുടെ നിർമാണം ഏറ്റെടുക്കാം.
പദ്ധതിനടത്തിപ്പിന് സഹകരണ മന്ത്രി അധ്യക്ഷനായി നാല് മന്ത്രാലയങ്ങൾ ഉൾപ്പെട്ട ഉന്നതതല സമിതി രൂപവത്കരിക്കും. സംഭരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കാൻ പ്രാഥമിക സംഘങ്ങൾക്ക് സഹായം നൽകും. നടത്തിപ്പിന്റെ മാർഗനിർദേശം 15 ദിവസത്തിനകം പുറത്തിറക്കും. 45 ദിവസത്തിനകം പ്രാഥമിക സംഘങ്ങളെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളെയും വെബ് പോർട്ടലിൽ ബന്ധിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിക്കും.
കുറഞ്ഞ വിലക്കും ഉല്പന്നങ്ങൾ കർഷകർ വിറ്റൊഴിവാക്കേണ്ടി വരുന്നത് തടയാനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനും വിളനഷ്ടം കുറക്കാനും പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി അനുരാഗ് ഠാകുർ വിശദീകരിച്ചു. കടത്തുകൂലി കുറക്കാം.
ഇത്തരം സംഭരണകേന്ദ്രങ്ങളിൽനിന്ന് റേഷൻ കടകളിലേക്കും മറ്റും ലഭ്യമാക്കാം. അഞ്ചു വർഷം കൊണ്ട് സഹകരണ മേഖലയിൽ 700 ലക്ഷം ടൺ ധാന്യസംഭരണ ശേഷി നേടാനാണ് ഉദ്ദേശ്യം. ലക്ഷം കോടി രൂപ ചെലവുവരുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് 3,100 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുമ്പോൾ 47 ശതമാനം മാത്രം സംഭരിക്കാനാണ് ശേഷി. നിലവിലെ സംഭരണശേഷി 1,450 ലക്ഷം ടണ്ണാണ്. സഹകരണ മേഖലയിൽ 700 ലക്ഷം ടൺ സംഭരണശേഷിയുണ്ടാക്കാനാണ് ലക്ഷ്യം. ലക്ഷത്തോളം പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ രാജ്യത്തുണ്ട്. ഇതിൽ 63,000ൽപരം സംഘങ്ങൾ സക്രിയമാണെന്ന് മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.