എസ്.പി- ബി.എസ്.പി സഖ്യം അഴിമതിക്കും അരാജകത്വത്തിനും വേണ്ടി- യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ രൂപംകൊണ്ട എസ്.പി- ബി.എസ്.പി സഖ്യത്തെ വിമർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ സഖ്യത്തിലൂടെ രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും അഴിമതിയുമാണ് സംസ്ഥാനത്ത് ഉണ്ടാവുകയെന്ന് യോഗി പറഞ്ഞു. പരസ്പരം വെറുത്ത് കൊണ്ടിരുന്നവരാണ് മഹാസഖ്യത്തിനായി ഒരുമിച്ചിരിക്കുന്നത്. അഴിമതിക്കും അരാജകത്വത്തിനും വേണ്ടിയാണ് പുതിയ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും യോഗി വിമർശിച്ചു. ഡൽഹിയിൽ ചേർന്ന ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സമൂഹത്തിലെ എല്ലാ തട്ടിലും വികസനമെത്തിക്കാനാണ് പ്രവർത്തിക്കുന്നത്. എല്ലാവിധ മതവിഭാഗങ്ങളുടെയും വിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ് ഒരു കുടുംബത്തിെൻറ താൽപര്യത്തിനു വേണ്ടി ജാതീയതയും പ്രാദേശികവാദവും കപടതയുമായി 50 വർഷങ്ങളാണ് നശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറാണ് സമൂഹത്തിലെ എല്ലാ മേഖലകളിലും വികസന-ക്ഷേമപ്രവർത്തനങ്ങളും മികച്ച ഭരണവും കാഴ്ചവെച്ച് രാജ്യത്തെ വീണ്ടെടുത്തതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
2019 ലും മോദി സർക്കാർ തന്നെ ഭരണത്തിലെത്തും. ഗ്രാമീണ സ്ത്രീകൾ, സൈനികർ, കർഷകർ, യുവജനങ്ങൾ എന്നിങ്ങനെ ഏതു മേഖലയിലുള്ള വ്യക്തിയും ആഗ്രഹിക്കുന്നത് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തണം എന്നുതന്നെയാണെന്നും യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.