'വല്യേട്ടനായ' ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദിയെന്ന് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം
text_fieldsകൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് സഹായവും പിന്തുണയും നൽകിയ ഇന്ത്യൻ സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ഇന്ത്യ ശ്രീലങ്കയുടെ 'വല്യേട്ടനാ'ണെന്നും സനത് ജയസൂര്യ വിശേഷിപ്പിച്ചു.
'ഒരു അയൽക്കാരനും നമ്മുടെ രാജ്യത്തിന്റെ വലിയ സഹോദരനും എന്ന നിലയിൽ, ഇന്ത്യ എല്ലായ്പ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്ത്യൻ സർക്കാറിനോടും പ്രധാനമന്ത്രി മോദിയോടും നന്ദിയുള്ളവരാണ്. നിലവിലെ സാഹചര്യത്തെ അതിജീവിക്കുക ഞങ്ങൾക്ക് എളുപ്പമല്ല. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സഹായത്തോടെ ഇതിൽ നിന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു' -സനത് ജയസൂര്യ പറഞ്ഞു.
രൂക്ഷമായ പവർ കട്ടിന് സാക്ഷ്യം വഹിക്കുന്ന ദ്വീപ് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുന്നതിന് ഇന്ത്യ ഇതുവരെ 2,70,000 മെട്രിക് ടൺ ഇന്ധനം ശ്രീലങ്കയിലെത്തിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം മൂലം ലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഇത് ദ്വീപ് രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇതിനകം 36,000 ടൺ പെട്രോളും 40,000 ടൺ ഡീസലും ശ്രീലങ്കക്ക് കൈമാറി. ലങ്കയുടെ വിവിധ ഭാഗങ്ങളിലായി 2,70,000 ടൺ ഇന്ധനമാണ് ഇന്ത്യ എത്തിച്ചതെന്ന് കൊളംബോയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ശ്രീലങ്കൻ രൂപയുടെ മൂല്യം കുറയുകയും വിദേശകടം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാസിന്റെയും ഇന്ധനത്തിന്റെയും ക്ഷാമവും വിനോദ സഞ്ചാരത്തിലെ ഇടിവും വൻതോതിലുള്ള പവർ കട്ടും കാരണം സർക്കാറിന്‍റെ വരുമാനത്തിൽ വലിയ തകർച്ചയാണുണ്ടായത്.
അവശ്യ സാധനങ്ങൾ ലഭിക്കാൻ പോലും ജനങ്ങൾ പ്രയാസപ്പെടുകയാണ്. ജീവിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആളുകൾക്ക് തെരുവിലിറങ്ങേണ്ടി വന്നത്. നിലവിലെ സാഹചര്യത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് വലിയ ദുരന്തമായി മാറുമെന്നും ജയസൂര്യ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.