‘എം’ എന്നതിനോട് കടുത്ത വെറുപ്പ്; ബി.ജെ.പിയെയും പ്രകടനപത്രികയെയും വിമർശിച്ച് ഉവൈസി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രികയിൽ പാർട്ടി ന്യൂനപക്ഷങ്ങൾ എന്ന് പരാമർശിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ന്യൂനപക്ഷങ്ങൾ എന്നതിനുപകരം പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ എന്ന വാക്കാണ് പാർട്ടി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അവരുടെ പരസ്യത്തിൽ എസ്.ടി, ഒ.ബി.സി എന്ന പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങളെന്ന പരാമർശമില്ല. അവർക്ക് എം എന്ന വാക്കിനോട് വലിയ വെറുപ്പാണെന്നും ഉവൈസി കുറ്റപ്പെടുത്തി. ‘ഏപ്രിൽ ഏഴിന് വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ബി.ജെ.പിയുടെ പരസ്യങ്ങൾ കണ്ടു. സർക്കാർ വായ്പ നൽകുന്നതിനെക്കുറിച്ചോ, വ്യവസായങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നതിനെക്കുറിച്ചോ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക, അതിൽ എസ്.ടി, ഒ.ബി.സി എന്നാണ് പറയുക. ന്യൂനപക്ഷങ്ങൾ എന്ന വാക്ക് പരാമർശിക്കാൻ പോലും ബി.ജെ.പി മടിക്കുന്നു, മുസ്ലിംകളെ മറക്കുന്നു. ന്യൂനപക്ഷങ്ങൾ എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്നതിനാൽ എം എന്ന വാക്കിനോട് ബി.ജെ.പിക്ക് കടുത്ത വെറുപ്പാണ്’ -ഉവൈസി വാർത്ത ഏജൻസി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ന്യൂനപക്ഷം എന്ന വാക്കുപോലും അവർ ഉച്ചരിക്കുന്നില്ല, സ്കോളർഷിപ്പ് പാർശ്വവത്കൃത സമൂഹത്തിന് നൽകുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂൾ പഠനം ഉപേക്ഷിക്കുന്നവരിൽ വലിയൊരു വിഭാഗം ദലിത്, മുസ്ലിം സമുദായങ്ങളിൽനിന്നുള്ളവരാണ്. മുസ്ലിം സമുദായത്തിൽപെട്ടവരുടെ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് ബോധപൂർവം ബി.ജെ.പി ഉറപ്പാക്കുകയാണെന്നും ഉവൈസി ആരോപിച്ചു.
കഴിഞ്ഞദിവസം ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിൽ പരത്വ ഭേദഗതി നിയമവും ഏക സിവിൽ കോഡും നടപ്പാക്കുമെന്നും ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നടപ്പാക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.