'വിഷൻ'; മർദിതെൻറ ചിഹ്നങ്ങൾ തേടി പ്രഫ. കെ.എ സിദ്ദീഖ് ഹസൻ നടത്തിയ മഹായാത്ര
text_fieldsമറമാടാൻ ആരോരുമില്ലാതെ നായ്ക്കൾ വട്ടമിടുന്ന കബന്ധങ്ങൾ. കൈകാലുകൾ ഛേദിക്കപ്പെട്ടവരുടെ ആർത്തനാദങ്ങൾ. മാനം നഷ്ടമായി ശരീരം വികൃതമാക്കപ്പെട്ട സ്ത്രീത്വങ്ങളുടെ നൊമ്പരങ്ങൾ. എല്ലാ സ്വപ്നങ്ങളും ഒരുപിടി ചാരത്തിലൊതുങ്ങിപ്പോയ നിസ്സഹായരായ ഒരുപറ്റം മനുഷ്യരുടെ ദീനരോദനങ്ങൾ.
മർദിതെൻറ അടിസ്ഥാനപരമായ ചിഹ്നം അവെൻറ സ്വത്വബോധത്തെ ജീവിതാനുഭവങ്ങളുടെ സ്വാംശീകരണം ഏതെല്ലാം വിധത്തിൽ പ്രതിഫലിപ്പിക്കുന്നുവെന്നിടത്താണ് നിലകൊള്ളുന്നത്. അത്പോലും അവശേഷിപ്പിക്കാത്ത ക്രൂരമായ വർഗീയ വിദ്വേഷത്തിെൻറ ഇരകളായിത്തീർന്നവരുടെ വിലാപങ്ങൾ. നന്മയുടെ ഉറവ ഇനിയും വറ്റിപ്പോവാത്തവരുടെ കരളലിയിക്കുന്ന ചിത്രങ്ങൾ. ദുരിതത്തിെൻറ മഹാസമുദ്രത്തിൽ ജീവിതത്തിെൻറ യാനത്തിലേക്ക് കൈപിടിച്ചു കയറുന്നവരെ ചേരികളിലേക്ക് പുഴുക്കളെപ്പോലെ വലിച്ചെറിയപ്പെടുന്ന വ്യക്തമായ അജണ്ടയോടെ നടക്കുന്ന വർഗീയ കലാപങ്ങൾ. രാജ്യത്തിെൻറ മാറിൽ മാറാമുറിവായ കുപ്രസിദ്ധമായ ഭഗൽപൂർ കലാപം. ഇവിടെ നിന്നാണ് കൊടുങ്ങല്ലൂരുകാരനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ എന്ന മനുഷ്യ സ്നേഹിയെ ചരിത്രപരമായ ഒരു നിയോഗത്തിലേക്ക് കാലം നയിച്ചത്.
വിഭജനത്തെ തുടർന്ന് ന്യൂനപക്ഷങ്ങളിലെ ബുദ്ധിജീവികൾ പാകിസ്താനിലേക്ക് പലായനം ചെയ്തപ്പോൾ ശേഷിച്ചവർ അനാഥരായി. ഇവർ ഇരകളായ കലാപങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ കാലം മായ്ക്കാത്ത വേദനിപ്പിക്കുന്ന മുറിവുകളായി. നൊമ്പരപ്പെടുന്നവനെ നേരിട്ടുകാണാൻ, അവനെ ആശ്വസിപ്പിക്കുകയെന്ന വിശ്വാസപരമായ പ്രാർഥന നിർവഹിക്കാൻ ഈ മനുഷ്യസ്നേഹി സ്വാഭാവികമായും ആഗ്രഹിച്ചു. ഭഗൽപൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സുഹൃത്തുക്കളായ ഒ.അബ്ദുല്ല, കെ.എം. രിയാലു എന്നിവരോടൊപ്പം പത്ത് ദിവസത്തെ യാത്ര. അന്ന് കണ്ട കാഴ്ചകൾ നെഞ്ചിൽ നെരിപ്പോടായി നീറി. തുടക്കം അവിടെ നിന്നാണ്.
ജമാഅെത്ത ഇസ്ലാമി അഖിലേന്ത്യാ അമീർ മൗലാന അബ്ദുൽ ഹഖ്് അൻസാരിയുടെ പിന്തുണയോടെ 2005ൽ തുടങ്ങിയ വിഷൻ 2016 രാജ്യമൊട്ടുക്കും പടർന്ന് പന്തലിച്ച് പിന്നീട് വിഷൻ 2026ഉം പ്രയാണം തുടരുകയാണ്. പ്രവർത്തന മേഖല ഡൽഹിയിലേക്ക് പറിച്ചു നട്ടപ്പോൾ േകരളം ൈകവരിച്ച പുരോഗതിയിലേക്ക് പിന്നാക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ എത്തിക്കാൻ പരിശ്രമിക്കുമെന്ന ദൃഢ നിശ്ചയത്തിൽ നിന്നാണ് ഇൗ ദൗത്യം ഉടലെടുത്തത്. ആ യാത്ര തുടരുകയാണ്...
പട്നയിലെ ബീർ ചന്ദ് പട്ടേൽ മാർഗിന് മുന്നിലെത്തിയപ്പോൾ ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി നിരയായി എഴുന്നേറ്റ് വരുന്ന വീടില്ലാത്ത റിക്ഷാ തൊഴിലാളികൾ. മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ ഉച്ചയോടെയെത്തിയത് ജോർജ് ഫെർണാണ്ടസിെൻറ തട്ടകമായ മുസഫർപൂരിലെ ഇസ്ലാംപൂർ ഗ്രാമത്തിൽ. പൂവിട്ട് നിൽക്കുന്ന ലിചി മരങ്ങൾക്കിടയിൽ കെട്ടിയുയർത്തിയ പന്തൽ. വീടുകളിൽ നിന്ന് ശേഖരിച്ച് നിരത്തിയ കസേരകൾ. ഗ്രാമമൊന്നാകെ വരവും പ്രതീക്ഷിച്ചിരിക്കുന്നു. മൂന്ന് ബ്രാഞ്ചുകളിലായി വികസിച്ച ഹസ്റത്ത് അലി അക്കാദമിയുമായി ചേർന്ന് മൂന്നാമത്തെ ൈപ്രമറി സ്കൂളിെൻറ ഉദ്ഘാടന ചടങ്ങ്. 300 കുട്ടികൾ ചേർന്ന പ്രവേശനോൽസവം.
മൗലാനമാരുടെ മതാധ്യാപനത്തിനപ്പുറത്ത് പള്ളികളെ സാമൂഹിക സേവനത്തിെൻറ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമം. ഇതിനായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നൽകിയ ആംബുലൻസ് ഏറ്റുവാങ്ങാൻ എത്തിയത് ഇരുന്നൂറോളം പേർ. പള്ളിക്കുള്ളിലെ ലളിതമായ ചടങ്ങിൽ രക്ത ബാങ്ക് ദാതാക്കളുടെ ഫോറം രൂപവത്കരണവും രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിക്കലും.
പിന്നീട് പ്രഗൽഭ അലോപതി–യൂനാനി ഭിഷഗ്വരൻമാരുടെ യോഗത്തിന് മുമ്പാകെ വെച്ചത് ബിഹാറിലെ ദരിദ്ര സ്ത്രീകൾക്ക് വേണ്ടി ഒരു സന്നദ്ധപ്രവർത്തക എഴുതിയ കത്ത്. ആർത്തവ കാലത്ത് മാറ്റിയുടുക്കാൻ കീറത്തുണിയില്ലാത്ത സ്ത്രീകൾക്ക് പഴന്തുണി ശേഖരിച്ചയച്ച് സഹായിക്കണം... എന്തൊരവസ്ഥ?
ആ വാക്കുകൾ ഇടമുറിയാതെയങ്ങിനെ പ്രവഹിക്കുകയാണ്...'വിശ്വാസമനുസരിച്ച് ആരുമായും സഹവർതിത്വത്തിന് നമുക്ക് കഴിയുമെങ്കിൽ മരണത്തിന് മുമ്പ് രാജ്യത്തിെൻറ സാമൂഹികാവസ്ഥ മാറ്റാനും നമുക്ക് കഴിയും. അന്ത്യനാളിൽ അല്ലാഹു മനുഷ്യപുത്രനോട് ചോദിക്കും: ഞാൻ രോഗിയായിരുന്നു. നീ എന്നെ സന്ദർശിച്ചില്ല. ഞാൻ ദാഹിച്ചു വലഞ്ഞപ്പോൾ നീ എനിക്ക് വെള്ളം തന്നില്ല. അപ്പോൾ മനുഷ്യൻ ചോദിക്കും: അല്ലയോ ഇരുലോകങ്ങളുടെയും നാഥാ, നിനക്കെങ്ങനെ രോഗം ബാധിക്കും? നിനക്കെങ്ങനെ ദാഹിക്കും? അപ്പോൾ ദൈവം പ്രത്യുത്തരം നൽകും: നിെൻറ അയൽക്കാരൻ രോഗിയായപ്പോൾ നീ അവനെ സന്ദർശിച്ചിരുന്നെങ്കിൽ നിനക്ക് അവിടെ എന്നെ കാണാമായിരുന്നു. നിെൻറ അയൽക്കാരൻ ദാഹിച്ച സമയത്ത് നീ അവന് വെള്ളം കൊടുത്തിരുന്നുവെങ്കിൽ നിനക്ക് അവനിലൂടെ എന്നെ സമീപിക്കാമായിരുന്നു.' തലകുനിച്ചിരുന്ന സദസ്സിന് മൗനത്തിെൻറ ഇടവേള നൽകി ഒരു ചോദ്യം മാത്രം: 'ഇതിന് നമുക്ക് ഉത്തരം നൽകേണ്ട ബാധ്യതയില്ലേ? ദാരിദ്യ്രം, തൊഴിലാളി കുടിയേറ്റം, വടക്കൻ ബിഹാറിെൻറ വെള്ളപ്പൊക്കക്കെടുതി. സൗകര്യങ്ങളുള്ള ആശുപത്രികൾ ഇവിടങ്ങളിലില്ല. വാക്സിനേഷനുകൾക്ക് സൗകര്യമില്ല. ദർഭംഗയിലും ഗയ ജില്ലയാണ് പരിതാപകരം. വൈശാലി ജില്ലയിൽ ദാരിദ്യ്രം മൂലം ക്ഷയം പടർന്നുപിടിക്കുന്നു. എഴുപത് ശതമാനം രോഗികളും ആശുപത്രികളിലെത്തുന്നില്ല. യൂനാനി–എം.ബി.ബി.എസ്–ബി.എച്ച്.എം.എസ് ഡോക്ടർമാർ ചേർന്ന് ഇന്ന് കൂട്ടായ്മയൊരുക്കണം'.
പട്ന ദർഗ റോഡിലെ ചേരി. താമസക്കാരെല്ലാം റിക്ഷ വലിക്കുന്നവർ. കമാനത്തിന് നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പ്രായമുള്ളവർ. സുഹൃത്തുക്കളോടൊപ്പം ഓടി വന്ന റിക്ഷക്കാരൻ മുഹമ്മദ് ആരിഫ് വന്നതിെൻറ കാരണം തിരക്കി. മുന്നിൽ കിടക്കുന്ന ഒഴിഞ്ഞ സർക്കാർ ഭൂമി ചൂണ്ടിക്കാട്ടി ആരിഫ് പറയുന്നു. സർക്കാർ വിചാരിച്ചാൽ ഭൂമി ഞങ്ങൾക്ക് നൽകാൻ കഴിയും. പതിനഞ്ചും എട്ടും അഞ്ചും രണ്ടും വയസ്സുള്ള നാല് മക്കളുണ്ട്. ആരും സ്കൂളിൽ പോകുന്നില്ല. ബസ്തിയിലെ സാമൂഹികാവസ്ഥ ചോദിച്ചറിയാൻ ചേരിയുടെ റോഡിന് തൊട്ടപ്പുറത്ത് അഞ്ച് മതാധ്യാപകരുള്ള ന്യൂ അസീംബാഗ് ജാമിഅതുസ്സുഹ്ഫ മദ്റസയിലേക്ക് പോയി. പഠിക്കാനെത്തുന്നത് 250 കുട്ടികൾ. രണ്ടു തരക്കാരാണ് പട്നയിലെ ന്യൂനപക്ഷങ്ങളെന്ന് മദ്റസയിലെ പ്രധാന അധ്യാപകൻ. ബിഹാറിലെ ഗ്രാമങ്ങളിൽ സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽ ജനിച്ച് ഉയർന്ന വിദ്യാഭ്യാസവും ജോലിയും നേടി പട്നയിലേക്ക് കുടിയേറിയവർ. മദ്റസക്ക് വേണ്ടി വർഷങ്ങൾക്കു മുമ്പ് വാങ്ങിയ സ്ഥലം കൊണ്ടുപോയി കാണിച്ച അദ്ദേഹം അവിടെ ഒരു ഷെഡ് പണിതുയർത്താൻ പോലും പട്നയിലെ സമ്പന്ന മുസ്ലിംകൾക്ക് താൽപര്യമില്ലെന്ന് പറഞ്ഞു. എന്നാൽ, അപവാദങ്ങളില്ലാതില്ല. മദ്റസ വിദ്യാർഥികൾക്ക് കംപ്യൂട്ടർ അഭിരുചിയുണ്ടാക്കാൻ ഇംഗ്ലണ്ടിൽ ജോലിയുള്ള ഉദാരമതി സഹായം നൽകിയിട്ടുണ്ട്. ഇവരിൽ പരമദരിദ്രരായ 54 പേർക്ക് വസ്ത്രം നൽകുന്നത് കൂടി നടത്തിപ്പുകാരായ സഫ വെൽഫെയർ കമ്മിറ്റിയുടെ ബാധ്യതയാണ്. സർക്കാർ നിർദേശപ്രകാരം മത–ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചാണ് ഇപ്പോൾ ഇവിടെ പഠനം.
കോസി പ്രളയത്തിെൻറ കെടുതികളറിയാൻ പിറ്റേന്ന് രാവിലെ തിരിച്ചു. നേപ്പാളിൽ അണപൊട്ടി കൂലംകുത്തിയൊഴുകി വന്ന കോസി കിലോമീറ്റർ കണക്കിന് ഭൂമിയിൽ നിക്ഷേപിച്ച മണൽ രണ്ടാണ്ട് തികഞ്ഞിട്ടും നീക്കം ചെയ്യാതെ കിടക്കുന്നു. ഉച്ച സമയത്ത് ആഞ്ഞുവീശുന്ന കാറ്റിൽ മനുഷ്യർക്കും അവർക്കൊരുക്കിക്കൊടു· വീടുകൾക്കും പ്രതിരോധിക്കാനാകാത്ത ധൂമപടലങ്ങൾ. ഒരുപിടി ചോറ് പൂഴി കലരാതെ വായിലിടാൻ വയ്യ. 2008ൽ അണപൊട്ടിയതിനെ തുടർന്ന് കോസി നദി ഗതി മാറിയൊഴുകിയതിെൻറ ദുരിതം ഏറെയാണ്. നാല് മാസം വെള്ളംകെട്ടി നിന്നു. കാർഷിക വിളകൾ നക്കിത്തുടച്ചു. പ്രളയത്തിൽ മതിൽ പൊട്ടി മോഹൻപൂർ ജയിലിൽ നിന്ന് തടവുകർ രക്ഷപ്പെട്ടു. വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഇവരുടെ നെഞ്ചുകലങ്ങിയത്. ഗോതമ്പും സൂര്യകാന്തിപ്പൂക്കളും ധാന്യങ്ങളും കൃഷി ചെയ്ത കിലോമീറ്ററുകൾ വിളഞ്ഞുനിന്ന ഭൂപ്രദേശമാകെ മരുഭൂമിയായി മാറി. ലോർഡ് ഫോർബിസ് താമസിച്ച ഫോർബിസ് ഗഞ്ചിലായിരുന്നു ആയിരങ്ങളുടെ ദുരിതാശ്വാസ ക്യാമ്പ്. ഒരുമാസം കഴിഞ്ഞ് 175 വീടുകളെങ്കിലും നിർമിക്കാനായതിെൻറ ചാരിതാർഥ്യമാണ് സിദ്ദീഖ് ഹസൻ സാഹിബിന്. ബസന്ത്പൂരിൽ 90 വീടുകൾ, പുരേനിയിൽ 85. ഇത് കണ്ട് ബസന്ത്പൂരിൽ സർവോദയക്കാരും 50 വീടുകളെടുത്തുകൊടുത്തു. കൃഷിയില്ലാതായി ഉപജീവനം മുട്ടിയ മനുഷ്യരെ പുനരധിവസിപ്പിക്കാൻ ആറ് മാസം മുമ്പ് രൂപവത്കരിച്ച സ്വയം സഹായസംഘം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൃഷിയിടങ്ങൾ പൂഴി മൂടിയതിനാൽ ബദൽ മാർഗങ്ങൾ കണ്ടെത്താൻ തൊഴിൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അറാറിയയിലെ ഏറ്റവും പഴക്കമുള്ള ഈദ്ഗാഹിനോട് ചേർന്നുള്ള ഇസ്ലാം നഗർ കോളനിയിൽ ഒരു ഏകാധ്യാപികാ വിദ്യാലയം സ്ഥാപിച്ചു. നൂറിലേറെ പേർ ഈ വിദ്യാലയത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് അധ്യാപിക പറഞ്ഞു. ഖുർആൻ ശരീഫ് പഠിപ്പിക്കുമെന്ന് ഉറപ്പു നൽകിയതുകൊണ്ടാണ് ഇവരെത്തുന്നത്. ഇതിനുശേഷം അവരെ സ്കൂളുകളിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറയുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളുടെ എണ്ണം 40ൽ നിന്ന് 100 ആയി വർധിച്ചു. കുട്ടികളേറിയപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഒരു സിലബസും പോകാത്തവർക്ക് മറ്റൊരു സിലബസുമായി മാറ്റി. 450 കുട്ടികളാണ് പഠനത്തിന് തയാറായി ഇപ്പോഴുള്ളത്. എല്ലാ കുട്ടികളെയും പഠിപ്പിക്കാൻ പറ്റിയ സ്ഥലമില്ല. ബാക്കിയുള്ളവരെ കൂടി പഠിപ്പിനിരുത്താനാണ് ആഗ്രഹം. അതിനുള്ള ഇടമില്ല. രാവിലെ ഒമ്പതു മണി മുതൽ 12 വരെ പ്രവർത്തിക്കുന്നു. സ്കൂളിൽ പോകുന്നവർക്ക് തുടങ്ങിയ മദ്റസയിൽ എത്തുന്നത് ഒരിക്കൽ പോലും സ്കൂളിെൻറ പടി കാണാത്ത കുട്ടികൾ. കോസി മേഖലയിലെ ഏകാധ്യാപക സ്കൂൾ പരീക്ഷണം ഇപ്പോൾ വ്യാപിപ്പിക്കുകയാണ്. ഹയാത്ത്പൂർ, സൗരാജാൻ , പുലപോൾ, ചൂരിപ്പട്ടി, ശഹർഷാ ബസ്തി, ബഹാദൂർ ഗഞ്ച്, അറാറിയയിലെ തന്നെ രാജോഘർ എന്നിവിടങ്ങളിലേക്ക്.
കോസിയിലെത്തന്നെ ഹയാത്പൂരിലേക്കായിരുന്നു അടുത്ത യാത്ര. 1946 വരെ ബ്രിട്ടീഷ് എയർഫോഴ്സിലായിരുന്ന 92കാരനായ ഡോ. അബ്ദുൽ അലീമിെൻറ വീട്ടിലേക്ക്. പണ്ട് സർക്കാർ സ്കൂൾ പ്രവർത്തിച്ച് ഒഴിഞ്ഞ് കിടക്കുന്ന വീട്ടുമുറ്റത്തെ രണ്ട് മുറികളുള്ള മേൽക്കൂരയില്ലാത്ത ഷെഡിൽ രണ്ട് വർഷം മുമ്പ് തുടങ്ങിയ സ്കൂൾ. 2008 നവംബറിൽ തുടങ്ങിയ വിദ്യാലയം വിജയിച്ച നിർവൃതിയിലാണ് അബ്ദുൽ അലീം. ഹയാത്പൂരിലെ 80 കുട്ടികൾ ഈ ൈപ്രമറിസ്കൂളിൽ പഠനത്തിനെത്തുന്നു. ൈപ്രമറി സ്കൂളിന് കിലോമീറ്റർ താണ്ടേണ്ട സാഹസം ഇവിടെ അവസാനിച്ചു.
മുൻ കേന്ദ്ര റയിൽവേ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ലളിത് നാരായൺ ഇന്ദ്രയുടെ തട്ടകമായിരുന്നു കോസി. സോവിയറ്റ് റഷ്യയിൽ നിന്ന്എൻജിനീയറെ കൊണ്ടുവന്ന് കോസി നദി തിരിച്ചുവിടാൻ പദ്ധതി തയാറാക്കി. കുടുംബത്തിെൻറ കൈവശ ഭൂമി ഫലഭൂയിഷ്ഠമാക്കാനാണിത് ചെയ്തത്. കോസിയെ പൂർവാവസ്ഥയിലാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകാൻ ഈ പ്രളയം നിമിത്തമായി. മേധാപട്കറുടെ നേതൃത്വത്തിൽ പ്രദേശത്ത് സമരം തുടങ്ങിക്കഴിഞ്ഞു.
ബിഹാറിലെ ദുരിതപർവം താണ്ടി നീങ്ങിയത് അസമിലെ ബ്രഹ്മപുത്ര നദിക്കരയിലെ ബൊങ്കൈഗാവിലേക്ക്. ബോഡോ കലാപത്തിെൻറ ബലിയാടുകൾക്കിടയിലേക്ക്. ബോഡോ കലാപത്തിെൻറ ഇരകൾ അടിഞ്ഞുകൂടിയ 14 ഏക്കർ പുഴയോരം. വീടും കിടപ്പാടവുമുപേക്ഷിച്ച് ഓടിപ്പോന്ന 12,000 മനുഷ്യർ. കൊക്റജാർ, ബൊങ്കൈഗാവ് ജില്ലകളിലെ ഗോത്ര മേഖലകളിൽ നിന്ന് അഭയാർഥികളായെത്തിയവരാണിവർ. ബേക്കി നദിയുടെ ഓരത്ത് 14 ഏക്കറിൽ കെട്ടിയ അഭയാർഥി കുടിലുകളിൽ കഴിയുകയാണ് മനുഷ്യർ. മഴയിൽ കുതിർന്ന് പരമ്പുകളും പുല്ലുകളും കൊണ്ട് പണിത കുടിലുകൾ. പ്രാഥമിക കൃത്യങ്ങളും ഈ സ്ഥലത്ത് നിർവഹിക്കണം. ഇത്രയും മനുഷ്യർക്ക് നിന്ന് തിരിയാനിടമില്ലാത്ത ഇവിടെ രണ്ട് സ്കൂളുകൾ പ്രവർത്തിക്കുണ്ട്. ദാരിദ്യ്രത്തിെൻറ വറചട്ടിയിൽ വേവുന്ന ഈ അഭയാർഥി കുട്ടികൾക്ക് ഒരു മാസത്തിൽ ഒരാഴ്ച മാത്രം ഉച്ചക്കഞ്ഞി കിട്ടും. 10 ദിവസത്തിന് 200 ഗ്രാം അരിയാണ് അഭയാർഥി ക്യാമ്പിലുള്ള ഓരോ വ്യക്തിക്കും സർക്കാറിെൻറ ഔദാര്യം. റേഷൻ കാർഡുണ്ടെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തവർ. അവരിൽ പ്രായം തികഞ്ഞു നിൽക്കുന്ന മക്കൾക്ക് വിവാഹം നടത്താനുള്ള പണമില്ല. ബിഹാറിലെ മോഹൻപൂരിൽ സംഘടിപ്പിച്ചതുപോലെ സമൂഹ വിവാഹങ്ങൾ ഇവർക്കും വേണം. കോസി കെടുതി വിതച്ചയിടങ്ങളിൽ നിന്ന് വിവാഹപ്രായമെത്തിയവരെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്ന് വിവാഹംകഴിപ്പിക്കുകയായിരുന്നു അവിടെ. അയ്യായിരം രൂപയുണ്ടെങ്കിൽ ഒരു വിവാഹം നടത്താം. കേരളത്തിൽ ലക്ഷങ്ങൾ കൊണ്ടു വിവാഹം നടത്തുന്നവരൊക്കെ ഇതുപോലുള്ള 50ഉം 100ഉം വിവാഹങ്ങൾ സ്പോൺസർ ചെയ്യാൻ മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്.
ബേക്കി നദിയോരത്ത് നിന്ന് പോയത് തേജ്പൂരിലെ ബ്രഹ്മപുത്രയുടെ തീരേത്തക്ക്. പകർച്ചവ്യാധി പടർന്നിട്ടും സർക്കാർ തിരിഞ്ഞുനോക്കാത്ത മേഖലയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്. പ്രളയത്തെ തുടർന്ന് പകർച്ചവ്യാധി പടരുമ്പോഴും അടഞ്ഞുകിടക്കുന്ന ആരോഗ്യ ഉപ കേന്ദ്രം. ഇതിനോട് ചേർന്നുള്ള സ്കൂളിലാണ് ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ക്യാമ്പിലേക്കുള്ള വഴിയിൽ നദിക്കരയിടിഞ്ഞുവീഴാൻ പാകത്തിൽ വിണ്ടുകീറി നിൽക്കുന്ന കരഭാഗങ്ങൾ. കഴിഞ്ഞ ബലിപെരുന്നാളിന് പെരുന്നാൾ നമസ്കാരം നിർവഹിച്ച പള്ളിയിന്ന് പുഴയിൽ വിലയം പ്രാപിച്ചിരിക്കുന്നു. അമ്പതോളം അടി താഴ്ചയിൽ കൂലം കുത്തിയൊഴുകുന്ന ബ്രഹ്മപുത്ര. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ബ്രഹ്മപുത്രയിലെ പ്രളയം അതിെൻറ മൂർധന്യത്തിലെത്തും. പുഴയോരത്ത് ജീവിക്കുന്നവർ അടുത്ത വർഷം പുതിയ അഭയാർഥിയാകും. അതോടെ 'ബംഗ്ലാദേശ് പൗരനു'മാകും. സ്വാതന്ത്ര്യത്തിന് മുമ്പ് ബംഗാളിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് കൃഷി ചെയ്യാൻ കൊണ്ടുവന്നവരാണിവർ. ബംഗാൾ പ്രവിശ്യയിൽ പലതും സ്വാതന്ത്ര്യാനന്തരം പാകിസ്താനിെൻറയും പിന്നീട് ബംഗ്ലാദേശിെൻറയും ഭാഗമായിത്തീർന്നു. 60 ലക്ഷം മനുഷ്യരെയാണ് ഇങ്ങനെ ബംഗ്ലാദേശ് പൗരൻമാരാക്കി മുദ്രകുത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് കുടിയേറിയവരാണെന്നതിന് എല്ലാവരുടെയും കൈകളിൽ രേഖകളുണ്ട്. ഈ രേഖകൾ ഹാജരാക്കാതെ ഒരാൾക്കും അസമിൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
ബംഗ്ലാദേശി ചാപ്പ കുത്തുമെന്ന് ഭയന്ന് 55 കുടുംബങ്ങൾ പ്രളയ·ിൽ ബ്രഹ്മപുത്രയുടെ മധ്യത്തിൽ രൂപംകൊണ്ട തുരുത്തിലേക്ക് നീങ്ങിയിട്ടുണ്ട്. പുറം ലോകവുമായി ഇവരെ ബന്ധപ്പെടുതുന്നത് ഒരു തോണി മാത്രം. കരകടക്കാൻ തോണിയുടമയെ മൊബൈലിൽ വിളിക്കണം. ബ്രഹ്മപുത്ര തോണിയിൽ താണ്ടി അരമണിക്കൂർ കൊണ്ട് പുഴമധ്യത്തിലെ പുതിയ ജനവാസമേഖലയിലെത്തി. ഉച്ചക്ക് വിളിച്ചറിയിക്കാതെ തുരുത്തിലെത്തിയവർക്ക് വിശപ്പ് മാറ്റാൻ കൈയിൽ ഒരു മൺകുടം തൈരുമായി അബ്ദുൽ മന്നാൻ കുടിലിന് പുറേത്തക്ക് വന്നു. പാൽ തൈരാക്കി വിറ്റാണ് അബ്ദുൽ മന്നാൻ ജീവിക്കുന്നത്. ഒരു നേരത്തെ അരിക്കും മുളകിനും ഉപ്പിനുമുള്ള പണം ഇങ്ങനെ കണ്ടെത്തുന്ന മന്നാൻ അന്ന് വൈകുന്നേരം ചന്തയിലേക്ക് കൊണ്ടുപോകാനായി എടുത്തുവെച്ച തൈരിൻകുടമാണ് അതിഥി സൽക്കാരത്തിന് മാറ്റിവെച്ചത്. കുടിവെള്ളം കിട്ടാത്ത അവർക്ക് കുഴൽക്കിണർ കുഴിച്ചുകൊടുത്തതിന് നന്ദി പറഞ്ഞ് മതിയാകുന്നില്ല.ബോഡോ തീവ്രവാദികൾക്കും ബ്രഹ്മപുത്ര നദിക്കുമിടയിൽ കുടുങ്ങിയവരെ സഹായിക്കാൻ ഹൗളിയിലും ഖാറുപാട്ടിയയിലും ബാർപേട്ടയിലും സേവന സന്നദ്ധരായ നൂറോളം പേർ മുന്നോട്ടുവന്നിട്ടുണ്ട്.
സാമ്പത്തിക പരാധീനതയെ തുടർന്ന് വിഷൻ ദെത്തടുത്ത ഹൗളിയിലെ ഹോമ അക്കാദമിയിൽ ഒരാൾ പോലും തോറ്റില്ല. പത്തെുവരുന്ന കുട്ടികൾ എം.ബി.ബി.എസിനും എം.ബി.എക്കും പോയിത്തുടങ്ങി. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നട്ടുച്ചക്ക് 12 മണിക്ക് പശ്ചിമ ബംഗാളിലെ ശംസി റയിൽവേ സ്റ്റേഷനിലെത്തുമ്പോൾ മാൾഡയിലെ ചാചലിലേക്ക് വഴികാട്ടാനെത്തിയവർ കാത്തുനിൽപുണ്ടായിരുന്നു. മാൾഡക്കും മുർഷിദാബാദിനും പകരം വെക്കാൻ ഒരു പിന്നാക്ക ജില്ല ബംഗാളിലില്ല. ഹയർസെക്കൻഡറി തലത്തിൽ ആർട്സ് സ്കൂളുകൾ നൽകിയ സർക്കാർ ഈ മേഖലയിൽ ഒരു സയൻസ് സ്കൂൾ പോലും നൽകിയില്ല. ഹസ്റത്പൂർ, ജലാൽപൂർ തുടങ്ങിയ വലിയ ജനവാസമേറിയ ഗ്രാമങ്ങളിൽ മതിയായ സ്കൂളുകൾ ഇല്ല. ബംഗാളിന് മൊത്തം ബാധകമായ വിദ്യാർഥി–അനുപാതം ഇവിടെ ബാധകമല്ല. നൂറ് വർഷം പഴക്കമുള്ള രാജ ശരത് ചന്ദ്ര റായ് ചൗധരിയുടെ ഭരണത്തിെൻറ ശേഷിപ്പായി ചഞ്ചൽ ആർട്സ്ആൻഡ് സയൻസ് കോളജ്. ചാചൽ കോളജിൽ സയൻസ് ഉണ്ടെങ്കിലും ഗേൾസ് ഹോസ്റ്റൽ നൽകിയില്ല. പെൺകുട്ടികളെ കോളജിലയക്കാനുള്ള സൗകര്യമാണ് പ്രഥമമായും ഒരുക്കേണ്ടത്. ഒരു ഹോസ്റ്റൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ വലിയ മാറ്റത്തിന് കഴിയുമെന്ന് ചാചലിൽ ഒത്തുകൂടിയവരൊന്നടങ്കം പറയുന്നു. പ്രഖ്യാപനത്തിലൊതുങ്ങിയ ബംഗാളിലെ മുസ്ലിം സംവരണത്തിെൻറ കാര്യം (അതും വിദ്യാഭ്യാസത്തിലില്ല. ജോലിയിൽ മാത്രം) ഉദാഹരണമായിക്കാണിച്ച അവർ സർക്കാറിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും പറയുന്നു. ഒന്നും അനുവദിക്കാത്തവർ കൈവശമുള്ളതും പിടിച്ചെടുക്കുന്നതിെൻറ ആവലാതിയും അവർ ധരിപ്പിച്ചു. സഖാരിദോയിലെ ഏഴ് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരുമുള്ള ശിശു ശിക്ഷാ നികേതൻ വിദ്യാലയെത്ത ആതുരാലയം കൂടിയാക്കി പരിവർത്തിപ്പിച്ചിട്ടുണ്ട്. ദിനേനയെത്തുന്നത് അമ്പതോളം രോഗികൾ. 10 രൂപ ആദ്യ പ്രാവശ്യം ഫീസ് നൽകുന്ന രോഗിക്ക് തുടർന്ന് വരാൻ അഞ്ച് രൂപ മാത്രം പരിശോധനാഫീസ് മതി. ഹൗറയിൽ ഉലുബേരിയിൽ സൊസൈറ്റി അപ്ലിഫ്റ്റ്മെൻറ് സെൻററും തുടങ്ങിവെച്ചു.
കാരുണ്യത്തിെൻറ പാഥേയവുമായി സിദ്ദീഖ് ഹസൻ തുടർന്നു കൊണ്ടേയിരുന്ന ഇൗ യാത്രകൾക്കിടയിൽ നിരവധി ഗ്രാമങ്ങൾ ദത്തെടുത്തു മാതൃകാ ഗ്രാമങ്ങളാക്കി തുടങ്ങി. ഡൽഹിയിലെ ഏറ്റവും ജനവാസമുള്ള മേഖലയായ അബുൽ ഫസൽ എൻേക്ലവിലും അത്തരമൊരു പദ്ധതിയുണ്ടാക്കിയപ്പോൾ ഉയർന്നു വന്ന അൽശിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കണ്ട് ആശ്ചര്യപ്പെട്ടത് ഉൽഘാടനത്തിനെത്തിയ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തന്നെ ആയിരുന്നു. ഒരു പുരുഷായുസിലേറെ ഒരു മനുഷ്യൻ ചെയ്തുകൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഡൽഹി സർക്കാറിെൻറ 50 ലക്ഷം രൂപ അനുവദിച്ചാണ് അന്ന് ഷീലാ ദീക്ഷിത് മടങ്ങിയത്. ഉൽഘാടന ചടങ്ങിനെത്തിയ പ്രവാസി വ്യവസായി താൻ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് ചെയ്യാനുദ്ദേശിക്കുന്ന 10 കോടി രൂപയുടെ പദ്ധതിയുടെ മേൽനോട്ടവും മാർഗനിർദേശവും സിദ്ദീഖ് ഹസനിൽ അർപ്പിച്ചാണ് അന്ന് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.