കർഷക സമരത്തിന് വൻപിന്തുണ; സർക്കാർ കടുത്ത സമ്മർദത്തിൽ
text_fieldsന്യൂഡൽഹി: വൻജനപിന്തുണയോടെ കർഷക സമരം കൂടുതൽ കരുത്താർജിച്ചിരിക്കേ, മോദിസർക്കാർ കടുത്ത സമ്മർദത്തിൽ. എത്രയും വേഗം കർഷകരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിടാൻ മടിക്കില്ലെന്ന് രാജസ്ഥാനിലെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി) മുന്നറിയിപ്പ് നൽകി.
വിവാദ കാർഷിക നിയമ പരിഷ്കരണത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിടാൻ ഒരുങ്ങുന്ന രണ്ടാമത്തെ കക്ഷിയാണ് ആർ.എൽ.പി. നേരത്തേ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ശിരോമണി അകാലിദൾ ഭരണസഖ്യം വിട്ടിരുന്നു. അവർ കൂടി ഉൾപ്പെട്ട പ്രക്ഷോഭം ബി.ജെ.പി നേതൃത്വത്തെ വിയർപ്പിക്കുേമ്പാഴാണ് ആർ.എൽ.പിയുടെ ഭീഷണി.
ചെറിയ കക്ഷിയാണെങ്കിലും ആർ.എൽ.പിക്ക് രാജസ്ഥാനിലെ ഒരു ഡസൻ ലോക്സഭ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദളിനെ നഷ്ടപ്പെടുക വഴി പഞ്ചാബിൽ അടിവേരിളകി നിൽക്കെയാണ്, മറ്റൊരു കർഷക സംസ്ഥാനമായ രാജസ്ഥാനിൽനിന്നുള്ള പ്രതിഷേധം. കർഷകരാണ് തങ്ങളുടെ ശക്തിയെന്ന് ആർ.എൽ.പി നേതാവ് ഹനുമാൻ ബനിവാൾ പറഞ്ഞു. അവരുടെ താൽപര്യങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ടുപോയാൽ, അതു കണ്ടു നിൽക്കാനാവില്ലെന്നും അടിച്ചൊതുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിക്കുള്ളിൽനിന്ന് എതിർപ്പുയർന്നത് ബി.ജെ.പിയുടെ അവിശ്വാസ്യത കൂട്ടി.
ദേശീയതയുടെയും വർഗീയതയുടെയും വികാരങ്ങൾ ഇളക്കിവിട്ട് പ്രതിഷേധങ്ങൾ അമർച്ചചെയ്യുന്ന പതിവുരീതിയിൽനിന്ന് ഭിന്നമായി, കർഷക സമരം പൊളിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ പരാജയപ്പെടുന്നതാണ് ഇതുവരെയുള്ള കാഴ്ച.
സിഖ് കർഷകർ കൂട്ടത്തോടെ ഇളകി ഇറങ്ങിയിരിക്കുന്ന കർഷക സമരത്തിനെതിരെ ആവനാഴിയിലെ പതിവിനങ്ങൾ എടുത്ത് ഉപയോഗിക്കാൻ കഴിയുന്നില്ല. പകരം, ഖലിസ്താൻ-മാവോവാദി ബന്ധം സമരത്തിനു പിന്നിലുണ്ടെന്ന ആരോപണം എടുത്തിടുകയാണ് ബി.ജെ.പി. എന്നാൽ, അത് ഏശുന്നില്ല. കോൺഗ്രസ്, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി എന്നിവയുടെ ശക്തികേന്ദ്രമായ പഞ്ചാബിൽ ബി.ജെ.പി ദുർബലമാണ്. നിയമം പാസാക്കിയ കഴിഞ്ഞ പാർലമെൻറ് സമ്മേളനം മുതൽ കർഷകർ നിരന്തര സമരത്തിലാണെങ്കിലും, സമരം പൊളിക്കാനുള്ള വഴിയാണ് സർക്കാർ അന്വേഷിച്ചുവന്നത്. ട്രെയിൻ തടഞ്ഞ് സമരം നടത്തുന്ന കർഷകരുടെ പ്രതിനിധികളെ സർക്കാർ ആഴ്ചകൾക്കു മുമ്പ് ഡൽഹിയിലേക്ക് ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, അവരോട് ചർച്ച നടത്താൻപോലും മന്ത്രി കൂട്ടാക്കിയില്ല.
ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കർഷകരെ കണ്ടത്. കർഷകരുടെ സമരം ഡൽഹിയിലേക്ക് അലയടിച്ചെത്തുന്ന ഈ ഘട്ടത്തിലാകട്ടെ, ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇറങ്ങിയിട്ടും സർക്കാറിന് ജയിക്കാനാവുന്നില്ല. തണുപ്പും കോവിഡും വകവെക്കാതെ കർഷകർ അതിർത്തിയിൽ തമ്പടിച്ചിരിക്കേ, വിട്ടുവീഴ്ചകളല്ലാതെ സർക്കാറിനു മുന്നിൽ മാർഗമില്ലെന്ന സ്ഥിതിയായി.
ഗുരു നാനാക്ക് ജയന്തി തെരുവിൽ ആഘോഷിച്ച് കർഷകർ
ന്യൂഡല്ഹി: കേന്ദ്ര സർക്കാറിെൻറ കാർഷികവിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടാൻ രാജ്യതലസ്ഥാനത്തെത്തിയ കർഷകർ ഗുരു നാനാക്ക് ദേവിെൻറ ജന്മദിനം തെരുവിൽ ആഘോഷിച്ചു. 551ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. ഡൽഹി അതിർത്തികടന്ന് ബുറാഡി മൈതാനത്ത് എത്തിയവർക്കും അതിർത്തികളിൽ തമ്പടിച്ച കർഷകർക്കും ആഘോഷം ഉൗർജംപകർന്നു.
തങ്ങളെ തടയാൻ കാവൽനിന്ന െപാലീസ് ഉദ്യോഗസ്ഥർക്കടക്കം കർഷകർ ആഘോഷത്തിെൻറ ഭാഗമായി പാകംചെയ്ത ഭക്ഷണം വിതരണംചെയ്തു. സമരവേദികളിൽ രാത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സിഖുകാരുെട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഗുരു നാനാക്ക് ജയന്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.