ബാബരി കേസിൽ നീതി പരിഹസിക്കപ്പെട്ടു -ജസ്റ്റിസ് നരിമാൻ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ നീതി പരിഹസിക്കപ്പെട്ടെന്ന് റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റോഹിൻടൺ ഫാലി നരിമാൻ. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ.എം. അഹ്മദിയുടെ സ്മരണക്കായി രൂപവത്കരിച്ച അഹ്മദി ഫൗണ്ടേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭീതിയില്ലാത്ത ന്യായാധിപൻ’ എന്ന ജസ്റ്റിസ് അഹ്മദിയുടെ ആത്മകഥ ചടങ്ങിൽ പ്രകാശനം ചെയ്തു.
‘മതനിരപേക്ഷതയോട് നീതിപുലർത്താത്ത വിധിന്ന്യായങ്ങളാണ് ബാബരി കേസിൽ ഉണ്ടായത്. വിശേഷിച്ച് മസ്ജിദ് നിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിയ അന്തിമ ഉത്തരവ്. ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട ജഡ്ജി വിരമിച്ച ശേഷം ഉത്തർ പ്രദേശിൽ ഉപലോകായുക്തയായി നിയമിക്കപ്പെട്ടു. ഇതാണ് രാജ്യത്തെ സ്ഥിതി. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയതാണ്. മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി തർക്കഭൂമി രാമക്ഷേത്രത്തിന് നൽകാൻ ഉത്തരവിട്ടത് അന്യായമാണ്.
1528ൽ നിർമിച്ച ബാബരി മസ്ജിദിൽ 1853 വരെ ഒരു പ്രശ്നവുമില്ലാതെ പ്രാർഥന നടന്നു. പ്രശ്നമുണ്ടായ ശേഷം 1858ലാണ് ബ്രിട്ടീഷുകാർ മതിൽ നിർമിച്ച് അകത്ത് മുസ്ലിംകളെയും പുറത്ത് ഹിന്ദുക്കളെയും പ്രാർഥനക്ക് അനുവദിച്ചത്. 1949ൽ അമ്പതോ അറുപതോ ആളുകൾ പള്ളിയിൽ ഇരച്ചുകയറി വിഗ്രഹം സ്ഥാപിച്ചു. 1857 മുതൽ 1949 വരെ ബാബരി മസ്ജിദിൽ മുസ്ലിംകൾ പ്രാർഥിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടും അവർക്ക് പ്രത്യേക അവകാശമുണ്ടെന്ന് പറയാനാകില്ലെന്നാണ് കോടതി പറഞ്ഞത്.
നിയമവാഴ്ച അട്ടിമറിക്കപ്പെട്ടതിന് നഷ്ടപരിഹാരം നൽകുകയാണ് വേണ്ടത്. പള്ളി പുനർനിർമിക്കുന്നതിനു പകരം അവർക്ക് മസ്ജിദ് പണിയാൻ ഞങ്ങൾ കുറച്ച് സ്ഥലം നൽകും എന്ന് പറയുന്നത് നീതിയല്ല, മതേതരത്വത്തിന് ചേരുന്നതുമല്ല’’. -ജസ്റ്റിസ് നരിമാൻ പറഞ്ഞു. വിവിധ മസ്ജിദുകൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് കേസ് ഫയൽ ചെയ്യുന്ന സമീപകാല പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിസ് നരിമാൻ ഇതു സാമുദായിക അസ്വാരസ്യത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.