പറിക്കാൻ ചെലവ് നാലു രൂപ; വിറ്റാൽ കിട്ടുന്നത് മൂന്നു രൂപ...വിളവെടുക്കാതെ ചെടികൾ നശിപ്പിച്ച് പച്ചമുളക് കർഷകർ -VIDEO
text_fieldsഭോപാൽ: മധ്യപ്രദേശിലെ പല ജില്ലകളിലും ഇക്കുറി പച്ചമുളക് കർഷകർക്ക് വൻ വിളവാണ് ലഭിച്ചത്. പ്രത്യേകിച്ച് ഖാർഗോൺ, ബർവാനി ജില്ലകളിൽ. എന്നാൽ, അതിന്‍റെ ഒരു സന്തോഷവും ഇവിടുത്തെ കർഷകർക്കില്ല. പാടംനിറയെ വിളഞ്ഞുനിൽക്കുന്ന പച്ചമുളക് ഇക്കുറി വിളവെടുക്കുന്നില്ലെന്ന നിലപാടിലാണ് മിക്ക കർഷകരും. വിളവെടുക്കാനുള്ള കൂലി പോലും കിട്ടാത്ത രീതിയിലുള്ള വിലത്തകർച്ചയിൽ തകർന്നിരിക്കുകയാണവർ.
പച്ചമുളകിന്‍റെ മൊത്തവില 15-20 രൂപയാണ്. ഉപഭോക്താക്കൾ കടയിൽനിന്ന് വാങ്ങുേമ്പാൾ പക്ഷേ, കിലോക്ക് 80 രൂപ വരെ കൊടുക്കണം. എന്നാൽ, പാവപ്പെട്ട കർഷകന് ലഭിക്കുന്നതാവട്ടെ കിലോക്ക് കേവലം 3-6 രൂപ. മാർക്കറ്റിൽ വിലയുണ്ടെങ്കിലും കർഷകന് അതിന്‍റെ ആനുകൂല്യമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വിളവെടുക്കാതെ കൃഷി നശിപ്പിച്ചുകളയേണ്ടി വരുന്നവരുടെ കണ്ണീരാണീ മണ്ണിലിപ്പോൾ.
'ഇക്കുറി ഞാൻ വിളവെടുക്കുന്നില്ല. മുളകിന്‍റെ വില മാർക്കറ്റിൽ പറ്റേ കുറവാണ്. പറിച്ചാൽ, ചെലവ് തുക പോലും കിട്ടില്ല'-ബർവാനിയിലെ റെഹ്ഗൂൺ ഗ്രാമത്തിലെ പച്ചമുളക് കർഷകനായ അജയ് കാഗ് പറയുന്നു. 11 വർഷമായി പച്ചമുളക് കൃഷിയിറക്കുന്ന ഈ 45കാരൻ ഇക്കുറി 20 ഏക്കറിലാണ് കൃഷി ചെയ്തിട്ടുള്ളത്.
'ഒരു കിലോ പച്ചമുളക് പറിച്ചെടുക്കാൻ കിലോക്ക് മൂന്നു മുതൽ നാലുവരെ രൂപ ചെലവു വരും. ക്വിന്‍റലിന് 300 രൂപ. ഓരോ ക്വിന്‍റൽ മുളകും പാക്ക് ചെയ്യാൻ 40 രൂപയുടെ പ്ലാസ്റ്റിക് വാങ്ങണം. പറിച്ചെടുത്ത മുളക് ഇപ്പോൾ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റാൽ കിട്ടുക മൂന്നുമുതൽ ആറുരൂപ വരെ മാത്രം. പറിച്ചെടുക്കാൻ ക്വിന്‍റലിന് 340 രൂപ ചെലവ് ചെയ്ത് 300 രൂപക്ക് വിറ്റിട്ട് എന്തു കാര്യം?' കഴിഞ്ഞ വർഷം ഇതേ സമയത്ത് പച്ചമുളകിന് കിലോക്ക് 55 രൂപവരെ കർഷകന് ലഭിച്ചിരുന്നുവെന്ന് കാഗ് പറഞ്ഞു.
റെഹ്ഗൂണിൽ 90 ശതമാനം ആളുകളും പച്ചമുളക് കൃഷി ചെയ്യുന്നവരാണ്. ലോഡ് കണക്കിന് മുളകാണ് ഇവിടെനിന്ന് മാർക്കറ്റുകളിൽ എത്താറുള്ളത്. എന്നാൽ, ഇക്കുറി വില പറ്റേ കുറഞ്ഞതിനാൽ റെഹ്ഗുണിൽനിന്ന് കർഷകർ മാർക്കറ്റിലേക്ക് ഒന്നും അയക്കുന്നില്ല. പച്ചമുളക് കൃഷി വിളവെടുക്കാതെ കർഷകർ നശിപ്പിക്കുന്നതിന്‍റെ വിഡിേയാ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മധ്യപ്രദേശിലെ പച്ചമുളക് കർഷകരുടെ ദുരിതാവസ്ഥയോളമില്ലെങ്കിലും നാസിക് ഉൾപെടെ മഹാരാഷ്ട്രയിലെ കർഷകരുടെ അവസ്ഥയും ഭിന്നമല്ല. നാഷനൽ ഹോർട്ടികൾചർ ബോർഡിന്‍റെ കണക്കുപ്രകാരം മുംബൈയിലെ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്നിന് പച്ചമുളക് വില ക്വിന്‍റലിന് 1500-2000 രൂപയാണ്. ഒരു മാസം മുമ്പ് വില 3000-5000 രൂപ ആയിരുന്നതാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 3500 രൂപക്കും 4200 രൂപക്കും ഇടയിലായിരുന്നു പച്ചമുളക് ക്വിന്‍റൽ വില.
ഡൽഹി ആസാദ്പൂരിലെ അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി സെപ്റ്റംബർ ഒമ്പതിന് പച്ചമുളക് വിൽപന നടത്തിയത് ക്വിന്‍റലിന് 1,880-2,000 രൂപക്കാണ്. ആഗസ്റ്റ് മൂന്നിന് 3,000-4,000 രൂപക്ക് വിൽപന നടന്നിടത്താണിത്. ഉത്തർപ്രദേശിൽ ലഖ്നോയിലെ പോഷ് ഏരിയയിൽ പച്ചമുളകിന് മാർക്കറ്റിൽ ഉപഭോക്താവ് നൽകേണ്ട വില കിലോക്ക് 80 രൂപയാണ്. കർഷകന് കിലോക്ക് 3-6 രൂപ വില കിട്ടുന്ന മധ്യപ്രദേശിലെ ഖാർഗോണിലും മാർക്കറ്റിൽനിന്ന് വാങ്ങുേമ്പാൾ കിലോക്ക് 40 രൂപ നൽകേണ്ടി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.