വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി വേണം
text_fieldsഡല്‍ഹി: വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയിൽ ഇളവ് നൽകിയ കേന്ദ്ര സർക്കാർ വിജ്ഞാപനം ദേശീയ ഹരിത ൈട്രബ്യൂണൽ (എൻ.ജി.ടി) റദ്ദാക്കി. വൻകിട കെട്ടിട നിർമാണ, ഫ്ലാറ്റ് ലോബിക്ക് വേണ്ടി കൊണ്ടുവന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപണം ഉന്നയിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്.
20,000 മുതല്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി തേടണമെന്ന ചട്ടങ്ങളില്‍ ഇളവ് വരുത്തിയാണ് 2016ല്‍ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര വിജ്ഞാപനം പരിസ്ഥിതി നാശത്തിനു ഇടയാക്കുന്നതാണെന്നു വ്യക്തമാക്കിയാണ് ട്രൈബ്യൂണല്‍ ഇടപെടൽ. കേന്ദ്ര നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.
20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കേണ്ടത് സംസ്ഥാനതല സമിതികളാണെന്ന് വ്യക്തമാക്കിയ എൻ.ജി.ടി, മുനിസിപ്പാലിറ്റി തലത്തില്‍ സമിതികള്‍ രൂപവത്കരിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കി. നിയന്ത്രണം റിയല്‍ എസ്റ്റേറ്റ് മേഖലക്കു മാന്ദ്യമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് കൊണ്ടുവന്നത്. പാവപ്പെട്ടവര്‍ക്കു ഭവനനിര്‍മാണത്തിനും വ്യവസായ അനുകൂല സാഹചര്യം ഒരുക്കുന്നതിനുമാണ് ഇളവ് കൊണ്ടുവന്നതെന്നായിരുന്നു ട്രൈബ്യൂണൽ മുമ്പാകെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉയർത്തിയ വാദം.
എന്നാൽ, പരിസ്ഥിതി നശിപ്പിച്ചുകൊണ്ടല്ല ഇവ നടപ്പാക്കേണ്ടതെന്നു എൻ.ജി.ടി ചൂണ്ടിക്കാട്ടി. വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ക്കു പരിസ്ഥിതി അനുമതിയില്‍ ഇളവ് നല്‍കിയുള്ള വിജ്ഞാപനത്തില്‍ വായു, ജല നിയമങ്ങൾ പ്രകാരമുള്ള അനുമതികള്‍ വേണ്ടെന്ന നിലപാട് ശരിയല്ല. സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ക്ക് മേല്‍ കടന്നു കയറുന്ന രീതിയില്‍ വിജ്ഞാപനം ഇറക്കരുതെന്നും ട്രൈബ്യൂണല്‍ നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.