ആവശ്യപ്പെട്ട ഥാർ നൽകിയില്ല; വിവാഹത്തിൽ നിന്നും പിന്മാറി വരൻ
text_fieldsഭോപ്പാൽ: ഥാർ സ്ത്രീധനമായി നൽകാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറി വരൻ. സംഭവത്തിൽ യുവാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന നിരോധന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വിവാഹ വിരുന്നിന് മുമ്പ് വരൻ സ്ത്രീധനമായി ഥാർ ആവശ്യപ്പെട്ടു. എന്നാൽ വധുവിന്റെ കുടുംബം ആവശ്യം നിരസിച്ചു. തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് വധുവിന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ചയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വധുവിന്റെ കുടുംബം രാത്രി മുഴുവൻ വരനെയും കുടുംബത്തെയും കാത്തിരുന്നെങ്കിലും അവർ എത്തിയില്ല. തുടർന്ന് വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹത്തിന് മൂന്ന് ദിവസം മുമ്പും വരനും കുടുംബവും പണവും ആഭരണങ്ങളും ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. താൻ ആവശ്യപ്പെട്ട സ്ത്രീധനം കിട്ടിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
വരന്റെ മുന്നറിപ്പ് തമാശയായിട്ടാണ് ആദ്യം വധുവിന്റെ കുടുംബം കണക്കാക്കിയത്. ബിസിനസിലെ നഷ്ടമാണ് സ്ത്രീധനം ആവശ്യപ്പെടുന്നതിന് കാരണമെന്ന് വരൻ പറഞ്ഞതായും വധുവിന്റെ കുടുംബം പറഞ്ഞു.അതേസമയം ആരോപണങ്ങൾ നിഷേധിച്ച് വരൻ രംഗത്തെത്തി. തന്റെ കുടുംബം സാമ്പത്തികമായി ഭദ്രമാണെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു വരന്റെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.