മോദിയുടെ ‘സാമുദായിക സിവിൽ കോഡ്’ പരാമർശം അംബേദ്കറോടുള്ള അവഹേളനം -ജയറാം രമേശ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സാമുദായിക സിവിൽ കോഡ്’ പരാമർശം ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറോടുള്ള കടുത്ത അവഹേളനമാണെന്ന് കോൺഗ്രസ് ജറൽ സെക്രട്ടറി ജയറാം രമേശ്. തുടർച്ചയായ 11-ാം തവണയും ചെങ്കോട്ടയിൽനിന്ന് പ്രസംഗിക്കുമ്പോൾ ചരിത്രത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കഴിവ് എല്ലാ അർഥത്തിലും പ്രകടമായിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു.
“പ്രധാനമന്ത്രിയുടെ കൊള്ളരുതായ്മക്കും ചരിത്രത്തെ അപകീർത്തിപ്പെടുത്തുവാനുള്ള കഴിവിന് അതിരുകളില്ല. ഇന്ന് ചെങ്കോട്ടയിൽ അത് പൂർണ തോതിൽ പ്രദർശിപ്പിച്ചു. നമുക്ക് ഇതുവരെയുള്ളത് ‘സാമുദായിക സിവിൽ കോഡ്’ ആണെന്ന് പറയുന്നത് 1950കളുടെ മധ്യത്തോടെ ഹിന്ദു വ്യക്തിനിയമങ്ങളിൽ പരിഷ്കാരം കൊണ്ടുവന്ന ഡോ. അംബേദ്കറോടുള്ള കടുത്ത അവഹേളനമാണ്. ഈ പരിഷ്കാരങ്ങൾ ആർ.എസ്.എസും ജനസംഘും എതിർത്തിരുന്നു”, ജയറാം രമേശ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
തന്‍റെ വാദത്തെ പിന്തുണച്ച്, കുടുംബ നിയമവുമായി ബന്ധപ്പെട്ട് 2018ൽ നിയമ കമീഷൻ പ്രസിദ്ധീകരിച്ച കൺസൾട്ടേഷൻ പേപ്പറിലെ ഭാഗവും ജയറാം രമേശ് ഉദ്ധരിച്ചു. ഏകീകൃത സിവിൽ കോഡിനുപകരം നിലവിലെ സാഹചര്യത്തിൽ ആവശ്യമില്ലാത്തതോ അഭികാമ്യമല്ലാത്തതോ ആയ വിവേചനപരമായ നിയമങ്ങളാണ് കമീഷൻ ശിപാർശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സിവിൽ കോഡ് ഭിന്നിപ്പിക്കുന്നതാണെന്നും സാമുദായികവും മതപരവുമായ വിവേചനം ഇല്ലാതാക്കാൻ മതേതര സിവിൽ കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്, ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് മതേതര സിവിൽ കോഡ് ഉണ്ടാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിൽനിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.