അഭിനന്ദൻ വർധമാന് വീരചക്ര നൽകി ആദരിച്ചു
text_fieldsന്യൂഡൽഹി: പാകിസ്താന്റെ യുദ്ധവിമാനം വെടിവെച്ചിട്ട വിങ് കമാൻഡർ (നിലവിൽ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർധമാന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നൽകി ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര. 2021 നവംബർ 3ന് അഭിനന്ദൻ വർധമാനെ ഗ്രൂപ് ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തിയിരുന്നു.
2019 ഫെബ്രുവരി 27 നായിരുന്നു പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വ്യോമാക്രമണത്തിലൂടെ അഭിനന്ദന്‍റെ നേതൃത്വത്തിൽ തകർത്തത്. ബാലാകോട്ട് സൈനിക നടപടിക്കുശേഷം ഇന്ത്യൻ അതിർത്തിലംഘിച്ചുപറന്നതായിരുന്നു ഈ വിമാനം. പാക് വിമാനം തകർത്തതിനുപിന്നാലെ വർധമാൻ പറത്തിയ മിഗ് -21 വിമാനം പാകിസ്താൻ സേനയും വെടിവച്ചു വീഴ്ത്തിയിരുന്നു.
തുടർന്ന് പാക് അധീന കശ്മീരിൽവെച്ച് ഇദ്ദേഹത്തെ പാകിസ്താൻ സൈന്യം പിടികൂടിയെങ്കിലും നയതന്ത്ര സമ്മർദ്ദത്തിലൂടെ മോചിപ്പിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ അഭിനന്ദനെ മാർച്ച് ഒന്നിനാണ് വാഗാ അതിർത്തിവഴി ഇന്ത്യക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.