Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെലികോപ്​ടർ അപകടം:...

ഹെലികോപ്​ടർ അപകടം: ചികിത്സയിലിരുന്ന ക്യാപ്റ്റൻ വരുൺ സിങ്​ അന്തരിച്ചു

text_fields
bookmark_border
ഹെലികോപ്​ടർ അപകടം: ചികിത്സയിലിരുന്ന ക്യാപ്റ്റൻ വരുൺ സിങ്​ അന്തരിച്ചു
cancel

ബംഗളൂരു: രാജ്യത്തി​െൻറ ഉള്ളുരുകിയ പ്രാർഥന വിഫലം. രാജ്യത്തെ നടുക്കിയ ഊട്ടി കുന്നൂർ ഹെലികോപ്​ടർ ദുരന്തത്തിൽ നിന്നും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഏക ​ൈസനികൻ ഗ്രൂപ്​ ക്യാപ്​റ്റൻ വരുൺ സിങ്ങ്​ വിടവാങ്ങി. ഒരാഴ്​ചയായി ബംഗളൂരു വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധീരസൈനിക​െൻറ വിയോഗം ബുധനാഴ്​ച രാവിലെയായിരുന്നുവെന്ന്​​ വ്യോമസേന അറിയിച്ചു.

ഡിസംബർ എട്ടിന് ഉച്ചക്ക് 12.20 ഒാടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മലയാളിയായ ജൂനിയർ വാറൻറ് ഒാഫീസർ പി. പ്രദീപ് ഉൾപ്പെടെ 13പേരാണ് മരിച്ചത്. 80ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട വരുൺ സിങിനെ ഊട്ടി വെലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്നാണ്​ കഴിഞ്ഞ വ്യാഴാഴ്ച ബംഗളൂരു കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹവും മരണത്തിന്​ കീഴടങ്ങിയതോടെ ഹെലികോപ്ടറിലുണ്ടായിരുന്ന 14 പേരിൽ ആരും ഇനി ജീവിച്ചിരിപ്പില്ല.

വരുൺസിങ്ങി​െൻറ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ വ്യോമസേന അറിയിച്ചിരുന്നത്. ഇതിനിടയിൽ മരുന്നുകളോട് പ്രതികരിച്ചത് പ്രതീക്ഷ ഉയർത്തി. എന്നാൽ, രക്തസമ്മർദത്തിലെ പെട്ടെന്നുള്ള വ്യത്യാസം ആശങ്കയായി. ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ, സർക്കാർ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ നിർദേശം തേടിയിരുന്നു. ചർമം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സക്കായി (സ്കിൻ ഗ്രാഫ്റ്റ്) ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബി.എം.ആർ.സി.ഐ) ചർമ ബാങ്കിൽനിന്നും കമാൻഡ് ആശുപത്രിയിലേക്ക് ചർമംനൽകിയിരുന്നു. ഈ ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് വരുൺ സിങ് യാത്രയായത്.

2020ൽ വ്യോമ സേനയിൽ വിങ് കമാൻഡറായിരിക്കെ, രാജ്യത്തി​െൻറ തദ്ദേശ നിർമ്മിത യുദ്ധ വിമാനമായ തേജസ് അസാധാരണ ധീരതയോടെ സുരക്ഷിതമായി നിലത്തിറക്കിയതിന്​ ഈ വർഷം രാജ്യം ശൗര്യചക്ര നൽകി വരുൺസിങിനെ ആദരിച്ചിരുന്നു. വ്യോമസേനയുടെ മികവുറ്റ ടെസ്റ്റ് പൈലറ്റായിരുന്നു വരുൺ സിങ്.

തേജസ് വിമാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം കൃത്യമായി കണ്ടെത്തി സ്വന്തം ജീവൻ പണയപ്പെടുത്തിയാണ്​ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ചതെന്ന്​ അദ്ദേഹത്തിന്​ ലഭിച്ച ശൗര്യചക്ര ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്​. വെലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായ വരുൺ സിങ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെട്ട സംഘത്തെ സ്വീകരിക്കാനായാണ് സൂലൂരിലെത്തിയത്.

ഉത്തർപ്രദേശിലെ ഗാസിപൂരാണ്​ ജൻമനാടെങ്കിലും ഭോപ്പാലിലാണ്​ വരുൺ സിങിെൻറ ജനനം. പിതാവ് റിട്ട. കേണൽ കെ.പി. സിങ് ആർമി എയർ ഡിഫൻസ് വിഭാഗത്തിലായിരുന്നു. സഹോദരൻ തനൂജ് സിങ് നാവിക സേനയിൽ ലഫ്റ്റ്നൻറ് കമാൻഡറാണ്. ഉമാ സിങ് ആണ് മാതാവ്. ഭാര്യ: ഗീതാഞ്ജലി സിങ്. 11 വയസുള്ള മകനും എട്ടു വയസുള്ള മകളുമുണ്ട്​. പ്രധാനമന്ത്രി നരേന്ദ്രേ മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military chopper crash
News Summary - Group Captain Varun Singh passes away
Next Story