ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി; ആരോഗ്യനിലയിൽ പുരോഗതി
text_fieldsബംഗളൂരു: സൈനിക ഹെലികോപ്ടർ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി റിപ്പോർട്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ശുഭവാർത്ത മാധ്യമങ്ങളെ അറിയിച്ചത്.
വരുൺ സിങ്ങിന്‍റെ ആരോഗ്യനിലയിലുണ്ടായ പുരോഗതി വലിയ ശുഭസൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. നിലവിൽ ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വരുൺ സിങ്.
ഹെലികോപ്ടർ അപകടത്തെ തുടർന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വരുൺ സിങ്ങിന് 80 ശതമാനം പൊള്ളലേറ്റതായാണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, 80 ശതമാനം പൊള്ളലേറ്റിട്ടില്ലെന്നും വരുൺ സിങ്ങിന് ജീവിതത്തിലേക്ക് തിരികെ എത്താൻ സാധിക്കുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
ഗവർണർ തവർചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ ബൊമ്മ എന്നിവർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ആരോഗ്യ വിവരങ്ങൾ ആരാഞ്ഞിരുന്നു. കൂടാതെ, വരുൺ സിങ്ങിന്‍റെ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്ങും സഹോദരനും നാവിക ഉദ്യോഗസ്ഥനുമായ തനൂജും ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ചയാണ് കുനൂരിന് സമീപം സൈനിക ഹെലികോപ്ടർ തകർന്നു വീണത്. ഹെലികോപ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് മെച്ചപ്പെട്ട ചികിത്സക്കായി ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.
കോപ്ടർ അപകടത്തിൽ രാജ്യത്തിന്‍റെ പ്രഥമ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്. മൊത്തം 14 പേരാണ് ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.