ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് 45 ശതമാനം പൊള്ളലേറ്റു; നില തൃപ്തികരം, ബംഗളൂരുവിലേക്ക് മാറ്റിയേക്കും
text_fieldsകോയമ്പത്തൂർ: സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് 45 ശതമാനം പൊള്ളലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ആരോഗ്യനില തൃപ്തികരമാണെന്നാണ് പുതിയ വിവരം. വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വ്യോമസേനയിൽ വിങ് കമാൻഡറായ വരുൺ സിങ് 2020 ഒക്ടോബർ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസ്സാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അർഹനായത്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു.
ഒരിക്കലും സംഭവിക്കുമെന്ന് മുൻകൂട്ടി കരുതാത്തത്രയും വലിയ തകരാറായിരുന്നു അന്ന് സംഭവിച്ചത്. ജീവനും യുദ്ധവിമാനവും നശിക്കുന്ന അപകടത്തിലേക്ക് വഴിതുറക്കുമായിരുന്നു. വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തിൽ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരുന്നിട്ടും, വരുൺ സിങ് മനോധൈര്യം കൈവിട്ടില്ല.
നിയന്ത്രണത്തിലായെന്ന് കരുതവേ, 10,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടും പൂർണമായി നഷ്ടപ്പെട്ടു.
യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളിൽ അറ്റകൈയെന്ന നിലയിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്തുകടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയാറായ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവിൽ സുരക്ഷിതമായി വിമാനത്തെ ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു.
വലിയ അപകടത്തിലേക്കും ദുരന്തത്തിലേക്കും വഴിവെക്കുമായിരുന്ന സാഹചര്യത്തെ സധൈര്യം നേരിട്ടതിന് രാജ്യം ക്യാപ്റ്റൻ വരുൺ സിങ്ങിന് ശൗര്യചക്ര സമ്മാനിക്കുകയായിരുന്നു. സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുൺ സിങ് സംരക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. അപകടം വഴി പൊതുജനങ്ങൾക്കും സൈന്യത്തിനുമുണ്ടാകുന്ന കനത്ത നഷ്ടങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ മനസാന്നിധ്യവും നിർണായക തീരുമാനമെടുക്കാനുള്ള ശേഷിയും പരിചയസമ്പന്നതയും വഴി സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.