ഹൈദരാബാദിലെ മുസ്‌ലിം പള്ളിയിൽ അതിക്രമിച്ചുകയറി പൂജ നടത്തി; സംഘർഷാവസ്ഥ
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ റായ്ദുർഗം ഗ്രാമത്തിലെ മുസ്‌ലിം പള്ളിയിൽ അതിക്രമിച്ചു കയറിയ ഒരു സംഘം ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ ചെയ്തു. മൽകം ചെരുവ് പ്രദേശത്തെ ഖുതുബ് ഷാഹി പള്ളിയിലാണ് സംഭവം നടന്നതെന്ന് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 17ന് ഒരുകൂട്ടം ആളുകൾ പള്ളിയിൽ കടന്നുകയറുകയും പൂജകൾ ചെയ്യുകയും വിഗ്രഹം സ്ഥാപിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് സംഘർഷസാഹചര്യം കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രതയിലാണ്.
റായ്ദുർഗം ഗ്രാമനിവാസികളാണ് പള്ളിയിൽ അതിക്രമിച്ചു കയറിയതെന്ന് പൊലീസ് പറഞ്ഞു. പള്ളിയുടെ പരിസരത്ത് ആചാരങ്ങളുടെ ഭാഗമായി ഇവർ ഒരു ആടിനെ ബലി നൽകിയെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.
റായ്ദുർഗം കട്ട മൈസമ്മ ക്ഷേത്രത്തിന് എതിർവശത്തായാണ് ഖുതുബ് ഷാഹി പള്ളി സ്ഥിതി ചെയ്യുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി കട്ട മൈസമ്മ ക്ഷേത്രം പൊളിച്ചു മാറ്റാനിരിക്കുകയാണ്. വിശ്വാസികളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ മറ്റൊരു ക്ഷേത്രം പണിയാൻ സർക്കാർ സ്ഥലം അനുവദിച്ചത് ഖുതുബ് ഷാഹി സ്ഥിതിചെയ്യുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയിലെ ഒരു ഭാഗത്താണ്. എന്നാൽ ഭൂമി കൃത്യമായി വിഭജിക്കുകയോ ക്ഷേത്രം പണിയാൻ അനുമതി നൽകുകയോ ചെയ്തിരുന്നില്ല. ഇതേതുടർന്നാണ് ഭൂമിയിൽ അവകാശം സ്ഥാപിക്കാനായി ചിലർ പള്ളിയിൽ അതിക്രമിച്ചു കയറി ആരാധനാകർമ്മങ്ങൾ നടത്തിയതെന്ന്‍ ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.