അവസരവാദികളുടെയും അധികാര മോഹികളുടെയും സംഘമാണ് എസ്.പി; അഖിലേഷ് യാദവിനെതിരെ ബി.എസ്.പി നേതാവ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്ക സമാജ്വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബഹുജൻ സമാജ്വാദി പാർട്ടി ദേശീയ വക്താവ് സുധീന്ദ്ര ബദോരിയ. ചെറുപാർട്ടികളെ ഒപ്പം ചേർത്ത് യു.പിയിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന എസ്.പി നേതാവ് അഖിലേഷ് യാദവിെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്.പിക്ക് നയത്തിെൻറ അഭാവമുണ്ട്. കൂടാതെ തത്വങ്ങളോ പദ്ധതികളോ അടിസ്ഥാനമാക്കിയല്ല പ്രവർത്തനമെന്നും അദ്ദേഹം ആരോപിച്ചു.
'അവസരവാദികളുടെയും അധികാര മോഹികളുടെയും ഒരു സംഘം മാത്രമാണ് എസ്.പി. ഇൗ പാർട്ടി രൂപീകരിച്ചതിന് ശേഷം ദലിത് വിരുദ്ധ മാനസികാവസ്ഥ രാജ്യത്തും പ്രത്യേകിച്ച് ഉത്തർപ്രദേശിലും കാണാൻ സാധിച്ചു' -സുധീന്ദ്ര പറഞ്ഞു.
ബി.ജെ.പിയും എസ്.പിയും ഒരു നാണയത്തിെൻറ രണ്ടുവശങ്ങളാണ്. അവരിരുവരും ഫ്യൂഡലിസ്റ്റ്, മുതലാളിത്ത ശക്തികളെ പ്രതിനിധീകരിക്കുന്നു. ബി.എസ്.പിയുടെ പോരാട്ടം രണ്ടുപേർക്കുമെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ലാണ് യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കേ, വാക്പോരുമായി മുഖ്യപാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്.
അഖിലേഷ് യാദവിെൻറ പ്രസ്താവനക്കെതിരെ ബി.എസ്.പി നേതാവ് മായാവതിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ വലിയ പാർട്ടികളെല്ലാം എസ്.പിയോട് അകലം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് കാരണം പാർട്ടിയുടെ പ്രവർത്തന രീതിയും ദലിത് വിരുദ്ധ ചിന്തകളാണെന്നും മായാവതി പറഞ്ഞു.
സമാജ്വാദി പാർട്ടി ഇപ്പോൾ നിസ്സഹായരാണ്. അതിനാലാണ് ചെറുപാർട്ടികളെ ഒപ്പം ചേർത്ത് മത്സരത്തെ നേരിടാൻ ഒരുങ്ങുന്നതെന്നും മായാവതി കൂട്ടിച്ചേർത്തു. ട്വീറ്റുകളിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.
'സമാജ്വാദി പാർട്ടിയുടെ സ്വാർഥവും ഇടുങ്ങിയതും ദലിത് വിരുദ്ധമായ ചിന്തയുടെയും പ്രവർത്തനരീതിയുടെയും കയ്പേറിയ അനുഭവങ്ങൾ കാരണം എല്ലാ വലിയ പാർട്ടികളും അവരിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. ചെറുപാർട്ടികളുമായി സഖ്യത്തിലേർപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ അവർ നിർബന്ധിതരാകുന്നു' -മായാവതി പറഞ്ഞു.
അതേസമയം, യു.പി തെരഞ്ഞെടുപ്പിൽ മികച്ച പ്രതീക്ഷയിലാണ് അഖിലേഷ് യാദവും പാർട്ടിയും. 2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നായിരുന്നു അഖിലേഷ് യാദവിെൻറ പ്രതികരണം.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി എസ്.പിയും ബി.എസ്.പിയും സഖ്യത്തിലേർെപ്പട്ടിരുന്നു. എന്നാൽ, ബി.എസ്.പിക്ക് 10 സീറ്റുകളും എസ്.പിക്ക് അഞ്ചുസീറ്റുകളും മാത്രമാണ് നേടാനായത്. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മായാവതി ഇനി എസ്.പിയുമായി ചേർന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.