ജി.എസ്.ടി കുടിശ്ശിക: മോദിയെ കാണാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി.എസ്.ടി നഷ്ടപരിഹാര തുക കേന്ദ്രം പല മാസങ്ങളായി കൊടുക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഒന്നിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടേക്കും. സോണിയ ഗാന്ധി, മമത ബാനർജി എന്നിവർ മുൻകൈയെടുത്ത് നടത്തിയ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിലാണ് ഈ നിർദേശമുയർന്നത്. ഇതിനോട് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി.എസ്.ടി കുടിശ്ശിക വൈകിപ്പിച്ച് കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനങ്ങളെ കടുത്ത സാമ്പത്തിക പ്രയാസത്തിലാക്കുകയാണ് കേന്ദ്രസർക്കാറെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ആഗസ്റ്റ് 11ന് നടന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ധനകാര്യ സെക്രട്ടറി കൈമലർത്തുകയാണ് ചെയ്തതെന്ന് സോണിയ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട 14 ശതമാനം ജി.എസ്.ടി നഷ്ടപരിഹാര തുക ഇക്കൊല്ലം കൊടുക്കാൻ കേന്ദ്രത്തിന് നിർവാഹമില്ലെന്നായിരുന്നു നിലപാട്. ഇത് വഞ്ചനയാണ്.
ജി.എസ്.ടി നടപ്പാക്കി അഞ്ചുവർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നഷ്ടം നികത്തിക്കൊടുക്കണമെന്നാണ് നിയമവ്യവസ്ഥ. എന്നാൽ, അത് സമയത്തൊന്നും കിട്ടുന്നില്ലെന്നും മാസങ്ങളായി കുടിശ്ശികയാണെന്നും സോണിയ ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിൽ വേറെയും പല വിഷയങ്ങളും ഉയർന്നുവരുകയാണെന്നും സോണിയ പറഞ്ഞു.
അതിനിടെ, നിർണായക ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ചേരും. ജി.എസ്.ടി നടപ്പാക്കിയത് വഴി സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം നികത്തുന്നത് സംബന്ധിച്ച ഏക അജണ്ടയാണ് യോഗത്തിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.