ജി.എസ്.ടി: 47,272 കോടി കേന്ദ്രം വകമാറ്റി –സി.എ.ജി
text_fieldsന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകേണ്ട 47,272 കോടി രൂപ കേന്ദ്രം വകമാറ്റി ചെലവാക്കിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. പല മാസങ്ങളിലെ ജി.എസ്.ടി കുടിശ്ശിക കിട്ടാത്തതിനെച്ചൊല്ലി സംസ്ഥാനങ്ങൾ കേന്ദ്രവുമായി ഉടക്കിനിൽക്കവെയാണ് സി.എ.ജി റിപ്പോർട്ട് വരുന്നത്.
കോവിഡ്കാല പ്രതിസന്ധിക്കു മുമ്പാണ് ഇത്തരത്തിൽ വ്യവസ്ഥ ലംഘിച്ച് തുക വഴിമാറ്റിയത്. 2017-18, 2018-19 സാമ്പത്തിക വർഷത്തെ സെസ് ഇനത്തിൽ കിട്ടിയ തുക മറ്റാവശ്യങ്ങൾക്ക് ചെലവിടാൻ പാകത്തിൽ ഖജനാവിൽ സൂക്ഷിക്കുക വഴി മറ്റു രണ്ടു നേട്ടങ്ങൾ കൂടി കേന്ദ്രത്തിനുണ്ട്. റവന്യൂ വരുമാനം കൂടുതൽ കിട്ടിയതായി കണക്കിൽ കാണും. ധനക്കമ്മി കുറഞ്ഞു നിൽക്കുകയും ചെയ്യും.
കേന്ദ്ര ഖജനാവിൽനിന്നെടുത്ത് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം വിതരണം ചെയ്യാൻ വ്യവസ്ഥയില്ലെന്ന് അറ്റോർണി ജനറലിെൻറ നിയമോപദേശം ഉദ്ധരിച്ച് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞയാഴ്ച പാർലമെൻറിൽ പറഞ്ഞിരുന്നു. ഇങ്ങനെ വാദിക്കുന്ന കേന്ദ്രമാണ് വ്യവസ്ഥയില്ലാതെ തന്നെ സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി പണം വകമാറ്റിയത്.
സെസ് ഇനത്തിൽ പിരിഞ്ഞുകിട്ടുന്ന തുക മുഴുവൻ കേന്ദ്ര ഖജനാവിൽനിന്ന് പ്രത്യേക നിധിയിലേക്ക് മാറ്റിസൂക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ 95,081 കോടി രൂപ സെസായി ഖജനാവിൽ എത്തിയപ്പോൾ 54,275 കോടി മാത്രമാണ് പ്രത്യേക നിധിയിലേക്ക് മാറ്റിയത്. ഇക്കാര്യം ധനമന്ത്രാലയം സി.എ.ജിയോട് സമ്മതിച്ചതായി റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.