ജി.എസ്.ടി സമിതിയില്‍ തര്‍ക്കം
text_fieldsന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുമ്പോള്‍ സേവന നികുതി പിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളായ ജി.എസ്.ടി കൗണ്‍സിലില്‍ കടുത്ത തര്‍ക്കം. ഇതേതുടര്‍ന്ന് സമവായം ഉണ്ടാക്കാന്‍ കഴിയാതെ യോഗം പിരിഞ്ഞു.
സേവന നികുതി ഇപ്പോള്‍ പിരിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്.
സംസ്ഥാനങ്ങള്‍ക്ക് ഇതിന്‍െറ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായി അറിയാത്തതിനാല്‍ ജി.എസ്.ടി നടപ്പാക്കുമ്പോഴും പിരിവ് കേന്ദ്രംതന്നെ നടത്തുമെന്ന നിലപാടിനോട് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ വിയോജിച്ചു. സേവന നികുതി പിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് തുടക്കം മുതല്‍തന്നെ കുറെയെങ്കിലും അധികാരം വിട്ടുകിട്ടണമെന്ന് അവര്‍ വാദിച്ചു. ചര്‍ച്ചകള്‍ക്കിടയില്‍ കേരളം മുന്നോട്ടുവെച്ച മൂന്നിന നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി അടുത്തയോഗത്തില്‍ തീരുമാനമുണ്ടാക്കാനാണ് ശ്രമം. ചരക്കുനികുതിയെന്നോ സേവന നികുതിയെന്നോ കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാത്ത കരാര്‍ പണി, റസ്റ്റാറന്‍റുകള്‍ തുടങ്ങിയവയുടെ നികുതി പിരിവ് സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കാനാണ് ധനമന്ത്രി ഡോ. തോമസ് ഐസക് മുന്നോട്ടുവെച്ച ഒരു നിര്‍ദേശം.
സേവന നികുതിയും സംസ്ഥാനം പിരിക്കുന്ന വാറ്റും നല്‍കുന്ന സ്ഥാപനങ്ങളിലെ നികുതി പിരിവ് സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് മറ്റൊരു നിര്‍ദേശം. സേവന നികുതിയുടെ പരിധിയില്‍ പുതുതായി വരുന്നവരെയും സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാവുന്നവരുടെ പട്ടികയിലേക്ക് കൈമാറണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്നിരിക്കേ, അടുത്തമാസം 18,19,20 തീയതികളില്‍ ഡല്‍ഹിയില്‍ സമ്മേളിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ അനുകൂല തീരുമാനമുണ്ടായേക്കും. വടക്കുകിഴക്കന്‍, പര്‍വതമേഖലാ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അടിസ്ഥാന നികുതിയിളവ് ജി.എസ്.ടി വരുന്നതോടെ ഇല്ലാതാകും. നികുതിയിളവ് ബജറ്റില്‍നിന്നോ പണമായോ നല്‍കേണ്ടിവരും.
സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വാര്‍ഷിക വരുമാന വര്‍ധന കണക്കാക്കുന്നതിന്‍െറ രീതി തീരുമാനിച്ചില്ല. ജി.എസ്.ടി നികുതി നിരക്കും അടുത്തയോഗം നിശ്ചയിക്കും. ജി.എസ്.ടിക്കായി രജിസ്ട്രേഷന്‍, പേമെന്‍റ്, റീഫണ്ട് തുടങ്ങിയവ സംബന്ധിച്ച കരടുചട്ടങ്ങള്‍ അംഗീകരിച്ചു. ജി.എസ്.ടിക്കുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നിയമം വിജ്ഞാപനം ചെയ്തശേഷം ഒരുവര്‍ഷം വരെ എക്സൈസ് തീരുവ, സേവന നികുതി തുടങ്ങിയവ ഈടാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രാലയത്തിന്‍െറ പാര്‍ലമെന്‍ററി കൂടിയാലോചനാ സമിതി യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫലത്തില്‍ അടുത്തവര്‍ഷം സെപ്റ്റംബര്‍ 16 വരെ ഈ നികുതികള്‍ പിരിക്കാം. ഇതേ കാലയളവില്‍ വില്‍പന നികുതി, വാറ്റ് എന്നിവ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
2017 ഏപ്രില്‍ ഒന്നു മുതല്‍തന്നെ ജി.എസ്.ടി നടപ്പാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു. അതിനു പാകത്തില്‍ നിശ്ചിത സമയക്രമം പാലിച്ചു നടപടിക്രമങ്ങള്‍ ഒന്നൊന്നായി മുന്നോട്ടു നീങ്ങുന്നുണ്ട്. അവശ്യ സാധനങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.