ജി.എസ്.ടി: റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിനും വിശ്രമത്തിനും നിരക്ക് കൂടി
text_fields
വരും ദിവസങ്ങളിൽ ഉയർന്ന ക്ലാസ് ടിക്കറ്റുകൾക്കും ട്രെയിനുകൾക്കുള്ളിലെ ഭക്ഷണത്തിനും നിരക്ക് വർധിച്ചേക്കുമെന്നാണ് സൂചന
കൊച്ചി: ചരക്കുസേവന നികുതി വന്നതോടെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങും വിശ്രമവുമടക്കമുള്ള സേവനങ്ങൾക്ക് നിരക്ക് വർധിച്ചു. പാർക്കിങ്ങിന് 18 ശതമാനമാണ് ജി.എസ്.ടി.
എ വൺ, എ ക്ലാസ് സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് എട്ടുമണിക്കൂർ വരെ ഒമ്പതുരൂപയായിരുന്നത് 15 ആയി. ഓട്ടോകൾക്കും നാലുചക്ര വാഹനങ്ങൾക്കും രണ്ടുമണിക്കൂറിന് 20 രൂപയായിരുന്നത് 25ലേക്കും എട്ടുമണിക്കൂർ വരെ 30 രൂപയായിരുന്നത് 40ലേക്കും ഉയർന്നു.
എട്ടുമുതൽ 24 മണിക്കൂർ വരെ ഇരുചക്ര വാഹനങ്ങൾക്ക് 13 രൂപയായിരുന്നത് 20ഉം കാറുകൾക്കും ഓട്ടോകൾക്കും 50 രൂപയായിരുന്നത് 60ഉം ആയി വർധിച്ചു. ബസ്, മിനി ബസ് എന്നിവക്ക് രണ്ടുമണിക്കൂറിന് 100 രൂപയായിരുന്നത് 120 ആയും എട്ടുമണിക്കൂർ വരെ 200 ആയിരുന്നത് 250 രൂപയായും 24 മണിക്കൂർ വരെ 300 രൂപയായിരുന്നത് 360 രൂപയായും കൂടി. മാസവാടക ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയായിരുന്നത് 360 രൂപയായി. പല സ്ഥലത്തും 300 എന്ന നിരക്ക് ഈടാക്കിയിരുന്നില്ല. പഴയ നിരക്കുകൾതന്നെ വാങ്ങിയിരുന്ന സ്റ്റേഷനുകളിൽ ഇതോടെ തുക ഇരട്ടിയായി.
പ്രീമിയം പാർക്കിങ്ങിന് ഇരുചക്ര വാഹനങ്ങൾക്ക് തിരുവനന്തപുരം സ്റ്റേഷനിൽ രണ്ടുമണിക്കൂർ വരെ 10 രൂപ ആയിരുന്നത് 15ഉം കാറുകൾക്ക് 20 ആയിരുന്നത് 30 ആയും വർധിച്ചു. രണ്ടുമണിക്കൂർ വരെയുള്ള നിരക്കിൽ കാര്യമായ മാറ്റമില്ല. കൂടുതൽ ആളുകളും രണ്ടുമണിക്കൂർ വരെ പാർക്ക് ചെയ്യുന്നവരായതിനാൽ പ്രത്യേക ഊന്നൽ നൽകി അത് ഒഴിവാക്കുകയായിരുെന്നന്ന് ടതിരുവനന്തപുരം ഡിവിഷൻ കമേഴ്സ്യൽ മാനേജർ വി.സി. സുധീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റുസ്റ്റേഷനുകളിലും നിരക്കുകളിൽ മാറ്റം വന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 12 മണിക്കൂർ വരെ അഞ്ചുരൂപയായിരുന്നത് 10 ആയി. 24 മണിക്കൂർ വരെ 10ൽനിന്ന് 15 ആക്കി. ഓട്ടോകൾക്ക് 12, 24 മണിക്കൂർ വരെ യഥാക്രമം 10 രൂപ, 20 രൂപ എന്നിങ്ങനെയാക്കി. കാറുകൾക്ക് 24 മണിക്കൂർ വരെ 16 രൂപയായിരുന്നത് 25 ആയി. ഒരുമാസത്തേക്ക് ഇരുചക്ര വാഹനങ്ങൾക്ക് 150 രൂപ ആയിരുന്നത് 200 രൂപയായി.
ചില്ലറ പ്രശ്നം ഒഴിവാക്കാൻ നിരക്കുകൾ പലതും ജി.എസ്.ടിയിലേക്ക് മാറ്റിയശേഷം വട്ടമെത്തിച്ചാണ് നിജപ്പെടുത്തിയത്. പ്ലാറ്റ്ഫോമുകളിലെ കാത്തിരിപ്പുകേന്ദ്രത്തിലും നിരക്ക് വർധനയുണ്ട്. മണിക്കൂറിന് 20 രൂപയായിരുന്നത് 24 രൂപയാക്കി. വരും ദിവസങ്ങളിൽ ഉയർന്ന ക്ലാസ് ടിക്കറ്റുകൾക്കും ട്രെയിനുകൾക്കുള്ളിലെ ഭക്ഷണത്തിനും നിരക്ക് വർധിച്ചേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.