ബി.ജെ.പി വിമത നേതാവിന്റെ 19 കോടിയുടെ പഞ്ചസാര ഫാക്ടറി സ്വത്ത് ജി.എസ്.ടി കണ്ടുകെട്ടി; പകപോക്കുകയാണെന്ന് വിമർശനം
text_fieldsമുംബൈ: ബി.ജെ.പി ദേശീയ സെക്രട്ടറിയും പാർട്ടിയിലെ വിമത ശബ്ദവുമായ പങ്കജ മുണ്ടെക്കെതിരെ ജി.എസ്.ടി നടപടി. ഇവരുടെ പഞ്ചസാര ഫാക്ടറിയുമായി ബന്ധപ്പെട്ട് ജി.എസ്.ടി വെട്ടിച്ചെന്ന് ആരോപിച്ച് 19 കോടിയുടെ സ്വത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) കമീഷണറേറ്റ് കണ്ടുകെട്ടി. പങ്കജയുടെ ഉടമസ്ഥതയിലുള്ള വൈദ്യനാഥ് ഷുഗർ ഫാക്ടറിക്കെതിരെയാണ് നടപടി.
അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. നിരവധി തവണ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ പങ്കജ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനിടെ, പങ്കജ പാർട്ടി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ഇവർ നിലവിൽ സംസ്ഥാനത്ത് തനിച്ച് പര്യടനം നടത്തുകയാണ്. കോവിഡും വരൾച്ചയും കാരണം നഷ്ടത്തിലായ പഞ്ചസാര ഫാക്ടറിക്ക് കേന്ദ്ര സഹായം ചോദിച്ചിട്ടും ലഭിച്ചില്ലെന്ന് പങ്കജ ആരോപിച്ചു.
‘തെറ്റൊന്നും ചെയ്തിട്ടില്ല. ബീഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം ഒമ്പത് ഫാക്ടറികൾ സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്റെ ഫാക്ടറിക്ക് മാത്രമാണ് സഹായം നിഷേധിച്ചത്. സഹായം ലഭിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. തുടർച്ചയായ വരൾച്ചയെത്തുടർന്ന് ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ട്. നോട്ടീസിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ പലിശയുമായി ബന്ധപ്പെട്ടതാണ്. നടപടിക്രമങ്ങൾ ഏതാനും മാസങ്ങൾക്കുമുമ്പ് ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ അധികൃതരുമായി സഹകരിക്കുന്നുണ്ട്’ -പങ്കജ പറഞ്ഞു.
പങ്കജക്ക് എതിരായ നടപടിയിൽ ബി.ജെ.പി നേതാക്കൾ മൗനം പാലിച്ചപ്പോൾ കോൺഗ്രസും എൻ.സി.പിയും പങ്കജയെ പിന്താങ്ങി രംഗത്തെത്തി. പങ്കജയോട് പകപോക്കുകയാണെന്ന് എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ആരോപിച്ചു. മറ്റു പാർട്ടികളിൽനിന്ന് അടർത്തിയെടുത്തവർക്ക് വലിയ പരിഗണന നൽകുന്ന ബി.ജെ.പി ആത്മാർഥതയുള്ള നേതാക്കളെ തഴയുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ഗോപിനാഥ് മുണ്ടെയുടെ മകളോട് ബി.ജെ.പി അനീതിയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.