ഓൺലൈൻ ഗെയിമിങ്ങിന് 28 ശതമാനം നികുതി; അർബുദ മരുന്നുകളുടെ ജി.എസ്.ടി ഒഴിവാക്കി
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളുടെ വരുമാനത്തിന് 28 ശതമാനം നികുതി ചുമത്താൻ തീരുമാനം. കുതിരപ്പന്തയം, കാസിനോകൾ എന്നിവക്കും ഇതേ നികുതി ചുമത്തും. മൊത്തം വരുമാനത്തിന്മേലാണ് 28 ശതമാനം നികുതി. ലോട്ടറി ഇതിന്‍റെ പരിധിയിൽ വരില്ല.
ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ചരക്കുസേവന നികുതി (ജി.എസ്.ടി) കൗൺസിലിന്‍റെ 50-ാമത് യോഗത്തിലാണ് തീരുമാനം. മറ്റു പ്രധാന തീരുമാനങ്ങൾ:
- അർബുദത്തിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾ നികുതിയിൽ നിന്ന് ഒഴിവാക്കി.
- രണ്ടു ലക്ഷം രൂപക്ക് മുകളിൽ വില വരുന്ന സ്വർണത്തിന്‍റെ കേരളത്തിനുള്ളിലെ ക്രയവിക്രയത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തും.
- സിനിമ തിയറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് ജി.എസ്.ടി 18ൽ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. റസ്റ്റാറന്റുകൾക്ക് സമാനമാണിത്.
- എസ്.യു.വി ഇനത്തിൽപെട്ട വാഹനങ്ങൾക്ക് കൂടുതൽ സെസ് ഈടാക്കും. നാലു മീറ്ററിൽ കൂടുതൽ നീളം, 1500 സി.സി എൻജിൻ ശേഷി എന്നിങ്ങനെ വാഹന ഘടനക്കൊത്താണ് കൂടുതൽ സെസ്.
തിരുവനന്തപുരത്തും കൊച്ചിയിലും ജി.എസ്.ടി ട്രൈബ്യൂണൽ
അതേസമയം, ജി.എസ്.ടി സംബന്ധമായ പരാതികൾ കേൾക്കുന്നതിന് തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് ജി.എസ്.ടി ട്രൈബ്യൂണൽ ബെഞ്ചുകൾ സ്ഥാപിക്കും. ജുഡീഷ്യൽ, ടെക്നിക്കൽ മെംബർമാർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണിത്. ജി.എസ്.ടി നടപ്പാക്കിയ 2017 മുതൽ ഒട്ടേറെ പരാതികൾ നിലനിൽക്കുന്നുണ്ടെങ്കിലും പരിഹാര സംവിധാനം ഇതുവരെ ഉണ്ടായിരുന്നില്ല. ബെഞ്ചിലേക്കുള്ള അംഗങ്ങളെ വൈകാതെ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.