ജി.എസ്.ടിയിൽ 66 ഇനങ്ങളുടെ നികുതിയിൽ കുറവ് വരുത്തി
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതി ബിൽ ജൂലൈ ഒന്നിന് പ്രാബല്യത്തിലാകാനിരിക്കെ 66 ഇനങ്ങളുടെ നികുതികൂടി കുറച്ചതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. കയർ, കശുവണ്ടി, െഎസ് എന്നിവയുടെ നികുതി 12ൽനിന്ന് അഞ്ചു ശതമാനമായി കുറച്ച കേന്ദ്രസർക്കാർ ലോട്ടറിയുടെ നികുതി 28 ശതമാനമാക്കണമെന്ന കേരളത്തിെൻറ ആവശ്യം ഇനിയും പരിഗണിച്ചില്ല.
സർക്കാർ പരിഗണിച്ച 133 ഇനങ്ങളുടെ പട്ടികയിൽനിന്നാണ് ഇവ കുറച്ചതെന്ന് ചരക്കുസേവന നികുതി കൗൺസിലിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അരുൺ ജെയ്റ്റ്ലി പറഞ്ഞു. 5, 12, 18, 28 എന്നീ നാല് സ്ലാബുകളിലാണ് ഇപ്പോൾ ജി.എസ്.ടിയുള്ളത്. കമ്പ്യൂട്ടർ പ്രിൻററുകൾ, ഇൻസുലിൻ, ചന്ദനത്തിരികൾ, പ്ലാസ്റ്റിക് ടാർപോളിൻ, നോട്ടുബുക്കുകൾ, കുട്ടികളുടെ കളറിങ് ബുക്കുകൾ, ട്രാക്ടർ ഘടകങ്ങൾ എന്നിവയും ഇതിലുൾപ്പെടും. എന്നാൽ, സ്കൂൾ ബാഗുകൾക്ക് 28 ശതമാനം നികുതി നിശ്ചയിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പ്രിൻററുകൾക്ക് 28ൽ നിന്ന് 18 ശതമാനമായും ഇൻസുലിൻ, ചന്ദനത്തിരി എന്നിവയുടെ നികുതി അഞ്ചു ശതമാനമായും കുറച്ചപ്പോഴാണ് സ്കൂൾ ബാഗുകൾക്ക് കൂട്ടിയത്. പായ്ക്ക് ചെയ്ത പഴങ്ങളും അച്ചാറും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ നികുതി 12ൽനിന്ന് അഞ്ചാക്കി കുറച്ചു.
സിനിമാ വ്യവസായത്തിന് ആശ്വാസകരമായ നടപടിയിൽ ചരക്കുസേവന നികുതിപ്രകാരം 100 രൂപക്ക് താഴെയുള്ള സിനിമാ ടിക്കറ്റിനുള്ള നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചു. നേരത്തേ, സിനിമക്ക് 18 ശതമാനമാണ് നികുതി എന്നതിനാൽ കേരളത്തിൽ നികുതി വർധനവില്ലാത്ത സാഹചര്യം വരും. 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമായിരിക്കും. 75 ലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികൾ, ഹോട്ടൽ, റസ്റ്റാറൻറ് ഉടമകൾ, നിർമാതാക്കൾ എന്നിവർക്ക് ഇനിമുതൽ 5 ശതമാനം അനുമാന നികുതി അടക്കാം. നേരത്തേ, ഇത് 50 ലക്ഷം വരെ വിറ്റുവരവുള്ളവർക്കായിരുന്നു. ഇതിൽനിന്ന് നേരത്തേ അരശതമാനം മാത്രം നികുതി കൊടുത്തു കൊണ്ടിരിക്കുന്ന എയർ കണ്ടീഷൻഡ് അല്ലാത്ത ചെറുകിട ഹോട്ടലുകളെയും റസ്റ്റാറൻറുകളെയും ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യവും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. കേരളത്തിൽ വാറ്റ് പ്രകാരം 0.5 ശതമാനം മാത്രമേ ഇവർക്ക് അനുമാന നികുതി ഉണ്ടായിരുന്നുള്ളൂ. അത് അഞ്ച് ശതമാനമായി വർധിക്കും.
വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, നോൺ എ.സി ട്രെയിൻ യാത്ര എന്നിവ നികുതി വിമുക്തമായി തുടരും. ട്രെയിൻ ഇ-േവ ബില്ലിെൻറ കാര്യത്തിൽ കേന്ദ്രങ്ങളും സംസ്ഥാനങ്ങളും തമ്മിൽ ചർച്ച തുടരും. ഇതിന് അഞ്ചുമാസം വരെ സമയമെടുക്കുമെന്നതിനാൽ അതുവരെ ഒന്നുംവേണ്ട എന്നതായിരുന്നു കേന്ദ്ര സർക്കാറിെൻറ നിലപാട്. എന്നാൽ, അത് പറ്റില്ലെന്നും ആ സംവിധാനം വരുന്നതുവരെ സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ ഇന്നുള്ള ഡിക്ലറേഷൻ സമ്പ്രദായം തുടരുമെന്നും ധനമന്ത്രി തോമസ് െഎസക് പറഞ്ഞു.
പ്ലൈവുഡ്, പാർട്ടിക്കിൾ ബോർഡ് എന്നിവയുടെ നികുതി കുറക്കണമെന്ന് കേരളം ശക്തമായി വാദിച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. വേസ്റ്റ് പ്ലാസ്റ്റിക്, ഹൈബ്രിഡ് കാർ, ലോട്ടറി എന്നിവയുടെ നികുതി കാര്യത്തിൽ തീരുമാനമായിട്ടില്ല. ഹോട്ടൽ ഭക്ഷണത്തിനു സേവനനികുതി നിലവിൽ 0.5 ശതമാനമാണ്. ജി.എസ്.ടി നിലവിൽവരുന്നതോടെ ഇത് അഞ്ചു ശതമാനമാകും. പൂജാസാമഗ്രികൾക്കുള്ള നികുതി കുറച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.